ആലപ്പുഴ: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ ഇരുപത് 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം റൂറലിലും ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്.
ഇതിനിടെ, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വാഴക്കാട് പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
അതേസമയം, കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പ്രതികളെ പിടിച്ച ശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. കേസില്‍ 11 പേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രതികളെ എത്രയും വേഗം പിടിക്കാനാണ് പൊലീസിന്റെ ശ്രമം.
പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കരുതല്‍ തടങ്കലിലുള്ളവരെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ മാത്രമായിരിക്കും വിശദമായി ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിക്കുക.
ഇതിനിടെ, അഭിമന്യു കൊലചെയ്യപ്പെട്ട കേസിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘം നടത്തിയ തിരച്ചിലിന്റെ വിവരങ്ങൾ ചോർത്തിയ നാല് ഉദ്യോഗസ്ഥർക്കെതിരെ രഹസ്യാന്വേഷണം നടക്കുകയാണ്. എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർക്കെതിരെ സ്പെഷൽ ബ്രാഞ്ച് തെളിവു ശേഖരിച്ചു. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്.
സംഭവം സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തേക്കു റിപ്പോർട്ട് ചെയ്ത മൂവാറ്റുപുഴയിലെ ഡിവൈഎസ്പിയെ അജ്ഞാതൻ ജാതി പറഞ്ഞു ഫോണിൽ ഭീഷണിപ്പെടുത്തി. പൊലീസിലെ വർഗീയ ചേരിതിരിവു വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നു.
അഭിമന്യുവിനു കുത്തേറ്റു പത്തു മിനിറ്റിനകം കൊച്ചിയിലെ ടൗൺ സൗത്ത്, സെൻട്രൽ, ടൗൺ നോർത്ത്, കടവന്ത്ര പൊലീസ് സ്റ്റേഷനുകളിൽ വിവരമറിഞ്ഞു. കുത്തേറ്റ് അഞ്ചുമിനിറ്റിനകം മഹാരാജാസിനു തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ അഭിമന്യുവിനെ എത്തിച്ചിരുന്നു. ആശുപത്രിയിൽനിന്നു പൊലീസ് കൺട്രോൾ റൂമിലേക്കു വിവരം കൈമാറി. എന്നിട്ടും പൊലീസ് പ്രതികരിക്കാൻ അരമണിക്കൂറിലേറെ വൈകിയതാണു സംശയങ്ങൾക്കിടയാക്കിയത്.
മഹാരാജാസ് കോളജിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലാണു നാലു സ്റ്റേഷനുകളും. അർധരാത്രിക്കു ശേഷം നഗരത്തിലെ മുഴുവൻ റോഡുകളും ഒഴിഞ്ഞുകിടക്കുന്ന സമയത്തു അഞ്ചു മിനിറ്റ് കൊണ്ട് എത്താമായിരുന്നിട്ടും നാലു സ്റ്റേഷനുകളിലെയും പൊലീസ് വൈകി. നാലിടത്തും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും മുൻകൂട്ടി അറിയിക്കാതെ അവധിയെടുത്തവരുടെയും വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.