കോട്ടയം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്. കോളേജില്‍ രാവിലെ പത്തു മണിയോടെയാകും ചര്‍ച്ച. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎന്‍ വാസവനും മാനേജ്‌മെന്റ് അധികൃതരും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.
അതേസമയം, കോളേജിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്നില്‍ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമര്‍ശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. ചില തത്പര കക്ഷികള്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറല്‍ വിമര്‍ശിച്ചു.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണ് ഫോണ്‍ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടില്‍ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാന്‍ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.