അമ്മയില്‍ നേതൃസ്ഥാനത്തേക്ക് കരുനീക്കങ്ങള്‍ സജീവം ; ഇടവേള ബാബുവിനെ പ്രസിഡന്റാക്കാന്‍ ദിലീപ് വിഭാഗം, എതിര്‍പ്പുമായി വനിതാകൂട്ടായ്മ

0
30

കൊച്ചി: താര സംഘടനയായ അമ്മയില്‍ നേതൃസ്ഥാനത്തേക്ക് കരുനീക്കങ്ങള്‍ സജീവം. ജൂണ്‍ മാസത്തിലാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലു ടേമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഇന്നസെന്റ് ഇത്തവണ പദവി ഒഴിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ പ്രസിഡന്റ് പദവി ലാക്കാക്കിയാണ് താരങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും കരുനീക്കങ്ങള്‍ സജീവമാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത നേതൃത്വം മാറണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റാകട്ടെ എന്നാണ് ഒരുപക്ഷത്തിന്റെ അഭിപ്രായം. അതേസമയം ബാലചന്ദ്രമേനോന്‍ അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് മുതിര്‍ന്ന താരങ്ങളില്‍ ചിലര്‍ ആഗ്രഹിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്ത നടന്‍ പൃഥ്വിരാജ് നേതൃത്വത്തിലേക്ക് വരണമെന്ന് യുവതാരങ്ങള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാല്‍ പൃഥ്വിരാജ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

അതേസമയം ഇടവേള ബാബുവിനെ നേതൃപദവിയിലെത്തിക്കാന്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗവും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. ഇന്നസെന്റും മമ്മൂട്ടിയുമെല്ലാം നേതൃനിരയില്‍ ഉണ്ടായിരുന്നപ്പോഴും, സംഘടനയുടെ കാര്യങ്ങളെല്ലാം നോക്കിയത് ഇടവേള ബാബു ആണെന്നും, അതിനാല്‍ അദ്ദേഹം തന്നെ ചുമതലയില്‍ വരുന്നതാണ് ഉത്തമമെന്നുമാണ് ഇക്കൂട്ടരുടെ വാദം. പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് ഇടവേള ബാബു സ്വന്തം നിലയ്ക്കും പിന്തുണ തേടി പലരെയും സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.  എന്നാല്‍ എന്ത് വിലകൊടുത്തും ഇടവേള ബാബുവിനെ പ്രസിഡന്റാക്കുന്നതിനെ എതിര്‍ക്കാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മമ്മൂട്ടിയും ഒഴിഞ്ഞേക്കും. അമ്മയിലെ വിവാദങ്ങളില്‍ അസംതൃപ്തനായ മമ്മൂട്ടി ഇനിയും പദവിയില്‍ തുടരേണ്ടതില്ലെന്ന നിലപാടിലാണെന്നാണ് സൂചന. രാഷ്ട്രീയക്കാരായതിനാല്‍ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ ചുമതലയില്‍ വരുന്നതിനോടും സംഘടനയില്‍ വിയോജിപ്പുണ്ട്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളില്‍ ഏതെങ്കിലും ഏറ്റെടുക്കണമെന്ന് പൃഥ്വിരാജിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ പുതിയ ഭാരവാഹികള്‍ വരുമെന്നാണ് സൂചന. ജൂണിലാണ് അമ്മയില്‍ തിരഞ്ഞടുപ്പ് നടക്കുക. ജൂലൈ മാസത്തില്‍ പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കും.

Leave a Reply