അയോഗ്യയാക്കിയ നടപടി: വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്ന് വിധിയില്ല

0
31

ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തില്‍ അയോഗ്യയാക്കിയ നടപടിയ്‌ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീലില്‍ ഇന്ന് വിധിയില്ല. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി അപ്പീലില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ആര്‍ബിട്രേറ്റര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയാണ് കോടതി ചെയ്തത്. തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീല്‍ സമര്‍പ്പിച്ചത്. ശരീരഭാരത്തിലെ 100 ഗ്രാം കൂടുതല്‍ ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയത്.

ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്‌സ് വനിതാ ഗുസ്തി മത്സരത്തില്‍ ഒരു ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയ ആദ്യ താരമാണ് വിനേഷ് ഫോഗട്ട്. എന്നാല്‍ ഫൈനല്‍ മത്സരത്തിന്റെ അന്ന് 50 കിലോയിലും 100 ഗ്രാം ഭാരം അധികം ഉണ്ടായതിനാലാണ് അവരെ അയോഗ്യയാക്കിയത്. അതിന് മുന്‍പ് എല്ലാ മത്സരവും 50 കിലോ ഭാരത്തിനകത്ത് നിന്ന് പൊരുതി ജയിച്ച വിനേഷ് ഫോഗട്ട് താന്‍ വെള്ളി മെഡലിന് അര്‍ഹയാണെന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാല്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടെന്ന കാരണം പറഞ്ഞ് വിനേഷിനെ ആകെയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഒളിംപിക്‌സ് വേദിയില്‍ നല്‍കിയത്.

ഹൃദയഭേദകമായ ഈ വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ ഗുസ്തി കരിയര്‍ വിനേഷ് അവസാനിപ്പിച്ചു. പിന്നാലെയാണ് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ താരം സമീപിച്ചത്. തനിക്ക് ഒളിംപിക് വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്നും അത് നല്‍കണമെന്നുമാണ് താരത്തിന്റെ ആവശ്യം. ഹരീഷ് സാല്‍വെയായിരുന്നു വിനേഷിനായി വാദിക്കാനെത്തിയിരുന്നത്.

Leave a Reply