കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി എം.എസ് മാത്യു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് സുഹൃത്ത് പ്രജി കുമാറിൽ നിന്ന് ജോളിക്കായി സയനെെഡ് വാങ്ങി നൽകിയതെന്ന് മാത്യു പൊലീസിനോട് പറഞ്ഞു. ഇതിനായി അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും പ്രജികുമാറിന് നൽകി. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഒരു തവണ മാത്രമാണ് പ്രജികുമാർ സയനൈഡ് നൽകിയതെന്നും മാത്യു അന്വേഷസംഘത്തിന് മൊഴി നൽകി.
രണ്ടുവട്ടം ആവശ്യപ്പെട്ടിട്ടും സ്‌റ്റോക്കില്ലാത്തതിനാലാണ് ഒരു തവണ മാത്രം സയനൈഡ് കൈമാറിയതെന്നും പെരുച്ചാഴി കൃഷിനശിപ്പിക്കുന്നതിന് പരിഹാരം കാണാൻ വിഷപ്രയോഗം നടത്തണമെന്നായിരുന്നു മാത്യു പറഞ്ഞത്. ഇരുവരും സ്വർണ വിൽപനയിൽ തുടങ്ങിയ സൗഹൃദമാണ് സയനൈഡ് കൈമാറ്റത്തിലേക്ക് എത്തിച്ചത്.
അതേസമയം, കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് റോജോ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടിൽ എത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടിൽ എത്തിയത്.