Sunday, October 6, 2024
HomeNewsKeralaഅരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍?; സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍?; സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. 

ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഹണിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവായ ഹര്‍ജിക്കാരന് തമിഴ്‌നാട്ടിലെ വിഷയത്തില്‍ എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. ഹര്‍ജിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഹര്‍ജിക്കാരന്റേത് തെറ്റായ വാദങ്ങളാണ്. ആനയുടെ കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.

മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു. തമിഴ്‌നാട് വനംവകുപ്പ് ആനയെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുകയോ, ആനയുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായോ റിപ്പോര്‍ട്ട് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

അരിക്കൊമ്പന് സുരക്ഷയും ആവശ്യമായ ചികിത്സയും നല്‍കണം. തമിഴ്‌നാട് പിടികൂടിയാലും ആനയെ കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ തുറന്നു വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സാബു എം ജേക്കബ് ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും കേസില്‍ എതിര്‍കക്ഷികളാക്കിയിരുന്നു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments