അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവലം ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. അരുണാചലിൽ 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളിൽ എതിരില്ലാതെ നേരത്തെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സിക്കിമിൽ 32 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം. വോട്ടെണ്ണൽ പുരോഗമിക്കവേ അരുണാചലിൽ ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്. സിക്കിമിൽ എസ്‌കെഎം 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്) മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിച്ചിരുന്നു.