അലക്ഷ്യമായി വാഹനമോടിച്ചു; വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

0
43

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ​ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കാർ ഒരു ബൈക്കുമായി കൂട്ടിയിടിച്ച്  അപകടമുണ്ടായതിനെ തുടർന്നാണ് നടപടി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി 12 മണിയോടെ എറണാകുളം പാലാരിവട്ടത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അതേസമയം സുരാജിന് കാര്യമായ പരിക്കുകളില്ല.

കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു സുരാജ്. ഈ സമയത്താണ് എതിർ വശത്ത് നിന്നു വന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ശരത്തിനെ നടനും കൂടി ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുരാജ് മടങ്ങിപ്പോയി. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply