ഫിറോസ്ഷാ കോട്ല: അവസാന നിമിഷം വരെ പൊരുതിയ ശ്രേയസ് അയ്യര്‍ക്കും പഞ്ചാബിന്റെ കുതിപ്പിനെ തടയാനായില്ല. പതിനൊന്നാമത് ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചാബിന് ഡല്‍ഹിക്കെതിരെ വിജയം.അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 4 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. ജയത്തോടെ അഞ്ച് വിജയവുമായി പഞ്ചാബ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
തുടക്കത്തിലെ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്ന ഡല്‍ഹിയെ ശ്രേയസ് അയ്യരുടെ പ്രകടനമാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ ദിവാട്ടിയയെ കൂട്ടുപിടിച്ച് ശ്രേയസ് നടത്തിയ രക്ഷാപ്രവര്‍ത്തനം കളിയില്‍ ഡല്‍ഹിയ്ക്ക് പ്രതീക്ഷ നല്‍കിയിയെങ്കിലും നിര്‍ണായകമായ നിമിഷം കൂട്ടുകെട്ട് പൊളിച്ച് പഞ്ചാബ് തിരിച്ചടിച്ചു.ഡല്‍ഹിക്കായി ശ്രേയസ് 45 പന്തില്‍ 57 റണ്‍സെടുത്തു. അവസാന പന്തിലാണ് ശ്രേയസ് പുറത്തായത്. പഞ്ചാബിനായി അങ്കിത് രജ്പുതും, മുജീബ് റഹ്മാനും ആന്‍ഡ്രൂ ടൈയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ക്രിസ് ഗെയിലിന്റെ അഭാവത്തിലാണ് പഞ്ചാബ് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.കണിശതയോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചതിനൊപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും പഞ്ചാബ് ബാറ്റ്സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കി.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ സ്‌കോര്‍ ആറ് റണ്‍സില്‍ നില്‍ക്കെ ഓപ്പണറായ ആരോണ്‍ ഫിഞ്ചിനെ പഞ്ചാബിന് നഷ്ടമായി. സ്‌കോര്‍ 42 റണ്‍സില്‍ നില്‍ക്കെ മികച്ച ഫോമിലുള്ള രാഹുലും (15 പന്തില്‍ 23 റണ്‍സ്) മടങ്ങി. പിന്നീടെത്തിയ ആര്‍ക്കും ക്രീസില്‍ പിടിച്ചുനിന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ല. 32 പന്തില്‍ 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്ലങ്കറ്റിന്റെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെയും അവേശ് ഖാന്റെയും മികച്ച ബൗളിങ്ങാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്.