അവസാന ബോളില്‍ സിക്‌സടിച്ച് കാര്‍ത്തിക്, കിരീടം ഉയര്‍ത്തി ഇന്ത്യ  

0
31
63357901

അവസാന ബോളില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് എന്ന് നിലയിലേക്കെത്തിയപ്പോള്‍ ബംഗ്ലാ കടുവകള്‍ ജയം മുന്നില്‍ കണ്ടിരുന്നു. പക്ഷേ ധോനി സ്‌റ്റൈലില്‍ കാര്‍ത്തിക് ഫിനിഷ് ചെയ്തതോടെ കിരീടവും ഉയര്‍ത്തി നാഗനൃത്തം കളിക്കാന്‍ സ്വപ്‌നം കണ്ട ബംഗ്ലാദേശ് ടീമിന് മറുപടിയുണ്ടായിരുന്നില്ല.

സൗമ്യ സര്‍ക്കാറിനെ അതിര്‍ത്തി കടത്തി കാര്‍ത്തിക് കൈവിട്ടു പോകുമായിരുന്നു നിദാഹസ് ട്രോഫി ഇന്ത്യയ്ക്കു തന്നെയെന്ന ഉറപ്പിക്കുകയായിരുന്നു. എട്ട് പന്തില്‍ നിന്നും 29 റണ്‍സ് നേടിയായിരുന്നു കാര്‍ത്തികിന്റെ തകര്‍പ്പന്‍ കളി.

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. ആദ്യ ബോള്‍ വൈഡ്. പിന്നെ റണ്‍സ് എടുക്കാനാവാതെ വിജയ് ശങ്കര്‍ പരുങ്ങി. രണ്ടാം പന്ത് എക്‌സ്ട്രാ കവറിലേക്ക് തട്ടിയിട്ട് ഒരു റണ്‍. മൂന്നാം പന്തില്‍ കാര്‍ത്തികിന്റെ സിംഗിള്‍ വന്നപ്പോഴും ഇന്ത്യന്‍ ക്യാംപ് തോല്‍വി മുന്നില്‍ കണ്ടു. നാലാം പന്തില്‍ വിജയ് ബൗണ്ടറി കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയിലേക്ക്. എന്നാല്‍ അഞ്ചാം പന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന വിജയ് ശങ്കര്‍ ഔട്ട്.
ജയം അഞ്ച് റണ്‍സ് അകലെ നിന്നപ്പോള്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ പന്ത് പായിച്ച് കാര്‍ത്തിക് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചു.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 166 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ രോഹിത്തിന് പിന്തുണ നല്‍കാന്‍ മറുവശത്ത് താരങ്ങള്‍ക്ക് സാധിക്കാതിരുന്നതോടെ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനായില്ല. മൂന്നാം ഓവറില്‍ സ്‌കോര്‍ മുപ്പത് കടന്ന തകര്‍പ്പന്‍ തുടക്കമായിരുന്നു ഇന്ത്യയ്ക്ക് എങ്കിലും ശിഖര്‍ ധവാന്‍ പുറത്തായതോടെ ഇന്ത്യയ്ക്ക് തിരിച്ചടികള്‍ക്കുള്ള തുടക്കമായിരുന്നു.

Leave a Reply