അവിശ്വസനീയം, അവിസ്മരണീയം റോമ’; തകര്‍ന്നടിഞ്ഞ് ബാഴ്‌സ പുറത്ത്

0
39

റോമ: അനിശ്ചിതത്വമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. ആരും ആരോടും പരാജയപ്പെട്ടേക്കും, ആര്‍ക്കും ആരേയും ജയിക്കാം. പക്ഷെ ഇന്നലെ രാത്രി സ്വന്തം തട്ടകത്തില്‍ അതികായന്മാരായ ബാഴ്‌സലോണയെ നേരിടുമ്പോള്‍ എഎസ് റോമ ഒരിക്കല്‍ പോലും കരുതിയിട്ടുണ്ടാകില്ല ഇതുപോലൊരു വിജയം. മിഷന്‍ ഇംപോസിബിളെന്ന് മാധ്യമങ്ങള്‍ വിധിയെഴുതിയ മൽസരത്തില്‍ ബാഴ്‌സലോണയെ അക്ഷരാര്‍ത്ഥത്തില്‍ പൂട്ടിയ റോമ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ 4-1ന് തകര്‍ന്നിടത്ത് നിന്നും രണ്ടാം പാദത്തില്‍ റോമ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. എതിരില്ലാത്ത മൂന്നു ഗോളിന് ബാഴ്സയെ വീഴ്ത്തിയ റോമ എവേ ഗോളിന്റെ (44) ആനുകൂല്യത്തില്‍ സെമിഫൈനലിലേക്ക് കടക്കുകയായിരുന്നു. 1984 ന് ശേഷം ഇതാദ്യമായാണ് റോമ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തുന്നത്. തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടത്തില്‍ ബാഴ്‌സ പുറത്താകുന്നത്.

ആറാം മിനിറ്റില്‍ ജെക്കോയാണ് റോമയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ ഉലഞ്ഞു പോയ ബാഴ്‌സ പിന്നീട് ഒരിക്കല്‍ പോലും കളിയിലേക്ക് തിരിച്ചു വന്നില്ല. തങ്ങളുടെ സ്വതസിദ്ധമായ ടിക്കി-ടാക്ക ശൈലി വീണ്ടെടുക്കാന്‍ സാധിക്കാതെ പോയ ബാഴ്‌സയ്ക്ക് ഒരു നീക്കം പോലും കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. മറ്റ് രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

58-ാം മിനിറ്റില്‍ പിക്വെയുടെ ഫൗളിന് റഫറി പെനാല്‍റ്റി വിധിക്കകുയായിരുന്നു. പെനാല്‍റ്റിയെടുത്ത നായകന്‍ ഡി റോസിക്ക് പിഴച്ചില്ല. ഇതോടെ റോമ 2-0ത്തിന് മുന്നിലെത്തി. പിന്നീട് 82-ാം മിനിറ്റില്‍ ബാഴ്‌സയുടെ വിധിയെഴുതിയ മൂന്നാം ഗോളും പിറന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് ചാട്ടുളി പോലൊ മനോലസിന്റെ വക ഹെ്ഡ്ഡര്‍ ഗോള്‍. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു ആദ്യപാദ ലീഡ് ബാഴ്സ കളഞ്ഞുകുളിക്കുന്നത്.

Leave a Reply