കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പ് പറയണമെന്ന് സംവിധായകന്‍ വിനയന്‍. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 4 പ്രമുഖ നടിമാര്‍ താരസംഘനയായ അമ്മയില്‍ നിന്ന് രാജിവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടവേള ബാബു പറഞ്ഞു.
റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍. അമ്മയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ചാണ് നടിമാരുടെ കൂട്ടരാജി.ഫെയ്സ്ബുക്കിലൂടെയാണ് ഇവര്‍ രാജി വെച്ചത്. അതേസമയം വുമന്‍ ഇന്‍ സിനിമാ കളക്ടീവിലെ എല്ലാ അംഗങ്ങളും രാജി വെച്ചിട്ടില്ല. എന്നിരുന്നാലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദം ഉണ്ടാകാന്‍ സാധ്യതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെ നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും കഴിഞ്ഞ ദിവസം ചേര്‍ന്ന പുതിയ ജനറല്‍ ബോഡി മീറ്റിംഗില്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ ഏതാനും അംഗങ്ങള്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വനിതാസംഘടനയുടെ പേജിലൂടെയാണ് ഇവര്‍ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസത്തെ അമ്മ യോഗത്തില്‍ നിന്നും ഒട്ടേറെ നടിമാര്‍ വിട്ടു നിന്നിരുന്നു.
അമ്മസംഘടനയില്‍ നിന്നും നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നും തനിക്ക് നേരിട്ടു മോശമായ അനുഭവം ഉണ്ടായിട്ടു പോലും താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ ആളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരം ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി ആദ്യം രാജിവെച്ചു. അവര്‍ക്കൊപ്പം ഞങ്ങളും രാജിവെയ്ക്കുന്നു എന്ന് പറഞ്ഞായിരുന്നു മറ്റുള്ളവര്‍ രാജിവെച്ചത്.
നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന ദിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി വിശ്വസിക്കാനായില്ലെന്ന് നിര്‍മ്മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ നേരത്തെ ആരോപിച്ചിരുന്നു. ലാലില്‍ നിന്നും അത്തരം ഒരു നടപടി പ്രതീക്ഷിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ ബഷീര്‍ പറഞ്ഞു. ലാലേട്ടനെ സനേഹിക്കുന്നവര്‍ പോലും ഇത് വിശ്വസിക്കാന്‍ തയ്യാറാവില്ല. പക്ഷേ മോഹന്‍ലാല്‍ ഈ തീരുമാനം കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ അമ്മ എന്ന സംഘടന തന്നെ രണ്ടായി പിളരുമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നടിയെ അക്രമിച്ച കേസില്‍ ഇപ്പോള്‍ ഒരു വര്‍ഷവും നാല് മാസവും പിന്നിടുമ്പോള്‍ നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അന്ന് അവര്‍ മിണ്ടാതിരുന്നത്. ദിലീപിന് വേണ്ടി ബഹളം ഉണ്ടാക്കുന്നവര്‍ അന്നും കൂടുതലായിരുന്നു. ഇന്ന് തിരിച്ചെടുത്തത് ചില വ്യക്തികള്‍ക്ക് ഉള്ള താല്‍പര്യത്തിന്റെ പുറത്താണ്. അല്ലാതെ അന്യായമായി പെരുമാറുന്ന കൂട്ടത്തിലല്ല മോഹന്‍ലാലൊന്നും. ദിലീപും മഞ്ജുവും പിണക്കമായിരുന്ന സമയത്ത് ദിലീപിന്റെ എതിര്‍പ്പ് പോലും അവഗണിച്ചാണ് അന്ന് മഞ്ജുവുമൊത്ത് മോഹന്‍ലാല്‍ അഭിനയിച്ചത്. അപ്പോള്‍ ആരെയും പിണക്കുന്ന ആളല്ല മോഹന്‍ലാല്‍-എന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.
ഊര്‍മ്മിള ഉണ്ണി ഒക്കെ ആരുടേയോ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കാന്‍ വേണ്ടി കാര്യം പറയാന്‍ വേണ്ടിയുള്ള പ്രസക്തി ഒന്നും ഇല്ല ആ നടിക്ക്. പൃഥ്വിരാജ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് അദ്ദേഹത്തെ ഒതുക്കിയിട്ടൊന്നും അല്ല. സുകുമാരന്‍ ചേട്ടന്റെ മകനാണ് പൃഥ്വി, അപ്പോള്‍ ആര് വിചാരിച്ചാലും അങ്ങനെ ഒന്നും ഒഴിവാക്കാന്‍ കഴിയുക ഒന്നും കഴിയില്ല. പറഞ്ഞ വാക്ക് മാറ്റി പറയുന്ന ഒരാളല്ല രാജുവെന്നും 100 ശതമാനം അറിയാവുന്നതാണ്. പിന്നെ ഒരു വിഭാഗം ആളുകള്‍ അമ്മയുടെ യോഗത്തില്‍ പങ്കെടുത്തുമില്ല. ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി ഇപ്പോള്‍ ഒരു പദവിയും വഹിക്കുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. നടി അക്രമിക്കപ്പെട്ടുവെന്നും അതിന് ഉത്തരവാദികളായവര്‍ സംഘടനയിലേക്ക് വരുമ്പോള്‍ അകത്ത് പദവികള്‍ വഹിക്കാന്‍ താല്‍പര്യമില്ലാത്തത് തന്നെയാണ് മമ്മൂട്ടിയുടെ പിന്മാറ്റത്തിന് കാരണം എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.