ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാര്‍ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതിയിലെ ആധാര്‍ കേസിലാണ് സര്‍ക്കാരിന്റെ വാദം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ ഹര്‍ജിക്കാരുടെ വാദം ഇന്നലെ അവസാനിച്ചിരുന്നു.
ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ചോരാമെന്നുമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യത ആധാര്‍ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നു എന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2016ലാണ് ആധാര്‍ നിയമം നിലവില്‍ വന്നത്. അതിനു മുമ്പ് തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുമ്പ് ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കൂടാതെ ആധാര്‍ വിവരങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.
വിവരങ്ങള്‍ എങ്ങനെയാണ് കൃത്യമായി സൂക്ഷിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കാം എന്ന് യുഐഡിഎഐ ചെയര്‍മാന്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. പ്രസന്റേഷനുള്ള അനുമതിയും ചോദിച്ചിട്ടുണ്ട്.