Wednesday, July 3, 2024
HomeNewsആനക്കൊമ്പ് കേസ് തന്റെ പ്രതിച്ഛായ നശിപ്പിച്ചു- മോഹന്‍ലാല്‍

ആനക്കൊമ്പ് കേസ് തന്റെ പ്രതിച്ഛായ നശിപ്പിച്ചു- മോഹന്‍ലാല്‍

കൊച്ചി: ആനക്കൊമ്പ് കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസമാണ് പെരുമ്പാവൂർ കോടതിയിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ ആനക്കൊമ്പ് കൈവശം വെക്കാൻ മുൻകാലപ്രാബല്യത്തോടെ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂർ സ്വദേശി പൗലോസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും മോഹൻലാൽ കോടതിയിൽ വ്യക്തമാക്കി.

കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

2012 ൽ മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ മുൻപ് മൂന്ന് പ്രാവശ്യം മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം വനംവകുപ്പ് നിലപാട് മാറ്റി കേസിൽ മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കേസിൽ മോഹൻലാലിന്റെ ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments