തമിഴ്‌നാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടയില്‍ തീ പടര്‍ന്ന് ആന ചരിഞ്ഞു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീ കൊളുത്തിയ എറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്.
ഭക്ഷണവും വെള്ളവും തേടി നാട്ടിലിറങ്ങിയ ആന കഴിഞ്ഞ എട്ടുമാസമായി മസനഗുഡിയിലെ ഗ്രാമങ്ങളിലൂടെ അലഞ്ഞുതിരിയുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗ്രാമത്തിലിറങ്ങിയ ആനയെ തുരത്തി ഓടിക്കുന്നതിനായി ടയറില്‍ തീകൊളുത്തി എറിയുകയായിരുന്നു. എന്നാല്‍ ടയര്‍ ആനയുടെ ചെവിയില്‍ ഉടക്കി തീപടരുകയും വലിയ രീതിയില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു.

പൊള്ളലേറ്റ ആന രകതം വാര്‍ന്നാണ് ചരിഞ്ഞത്. അവശ നിലില്‍ ആനയെ കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ ആനയെ രക്ഷിക്കാനായില്ല. തുടര്‍ന്നു നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും ആന ക്രൂരമായ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നതായാണ് കണ്ടെത്തിയത്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ രണ്ടുപേരെ അറസ്റ്റുചെയ്തു.