ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി: ശ്രീധരന്‍പിള്ള

0
34

കണ്ണൂര്‍:ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ ഒരില അനങ്ങണമെങ്കില്‍ പോലും സിപിഎം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കൈകഴുകാനും കണ്ണില്‍ പൊടിയിടാനുമാണ് സിപിഎം ശ്രമിക്കുന്നത്.സാജന് നീതി ലഭിക്കണം. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം. അതൊക്കെ നടക്കണമെങ്കില്‍ ആദ്യം അവസാനിക്കേണ്ടത് പാര്‍ട്ടി സര്‍വ്വാധിപത്യമാണ്. സാജന്റെ മരണം ആത്മഹത്യയല്ല. സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. മറുനാടുകളില്‍ ചോര നീരാക്കി പണിയെടുത്ത സമ്പാദ്യം കൊണ്ട് ഒരു സംരംഭം തുടങ്ങാന്‍ ശ്രമിച്ച പാര്‍ട്ടി അനുഭാവിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ? പാര്‍ട്ടി തമ്പുരാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ മരണമാണ് ഫലം എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സാജന്റെ ആത്മഹത്യ തെളിയിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനവികതയുടെ ഉദാഹരണങ്ങളാണിതൊക്കെ. നേരിട്ട അനുഭവം തുറന്നു പറയുന്ന കുടുംബത്തെ തേജോവധം ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഒറ്റപ്പെട്ട സംഭവമാണെന്ന മന്ത്രിയുടെ നിസ്സാരവത്കരിക്കല്‍ മലയാളികളോടുള്ള വെല്ലുവിളിയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോള്‍ അതിനെ ഒറ്റപ്പെട്ടതെന്ന് എങ്ങനെയാണ് വിളിക്കാന്‍ കഴിയുന്നത് ? താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം ഓഡിറ്റോറിയത്തിനു ലൈസന്‍സ് നല്‍കില്ല എന്ന് സാജനോട് ആന്തൂര്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞതാണ് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയതും ആത്മഹത്യയിലേക്ക് നയിച്ചതുമെന്നാണ് അറിയുന്നത്. ഒരാളുടെ ആയുഷ്‌കാല സമ്പാദ്യം വെള്ളത്തില്‍ വരച്ച വരപോലെയാക്കിയതും പോരാഞ്ഞ് അദ്ദേഹത്തെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഉത്തരവാദി കസേരയില്‍ ഉറച്ചിരിക്കുന്നത് കേരളത്തിന് അപമാനമാണ്. അതായത് ആ കസേരയില്‍ ഇനി ഇരിക്കാന്‍ പാടില്ലാത്തത് കേവലം ഉദ്യോഗസ്ഥര്‍ മാത്രമല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

Leave a Reply