ഷാര്‍ജ: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാന്‍ ഷാര്‍ജ റണ്‍ 2018 ഒരുങ്ങുന്നു. ഷാര്‍ജ നിവാസികളുടെയും വിനോദ സഞ്ചാരികളുടെയും പ്രിയ വിനോദ കേന്ദ്രമായ ഫ്‌ലാഗ് ഐലന്‍ഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷാര്‍ജ ട്രയാത്‌ലണുമായി ചേര്‍ന്നാണ് ഒരുക്കുന്ന പരിപാടി മാര്‍ച്ച് 30നാണ് നടക്കുന്നത്. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഷാര്‍ജ റണ്‍ സംഘടിപ്പിക്കുന്നത്.
10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 3 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും. ‘ഫണ്‍ റണ്‍’ എന്ന് പേരിട്ടിരിക്കുന്ന മൂന്നു കിലോമീറ്റര്‍ ഓട്ടത്തില്‍ പ്രായഭേദമന്യെ ആര്‍ക്കും പങ്കെടുക്കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പങ്കെടുക്കാവുന്ന വിധത്തിലാണ് ഷാര്‍ജ റണ്‍ ഒരുക്കുന്നതെന്ന് ഫ്‌ലാഗ് ഐലന്‍ഡ് മാനേജര്‍ ഖുലൂദ് അല്‍ ജുനൈബി പറഞ്ഞു. ”സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരെയെല്ലാം ഒരുമിപ്പിക്കുന്ന, വ്യായാമത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശം പകരുന്ന ഒരു ഒത്തുകൂടലാണ് ഷാര്‍ജ റണ്‍. ആരോഗ്യത്തെക്കുറിച്ചു ബോധവാന്മാരായ, സന്തോഷമുള്ള ഒരു സമൂഹമെന്ന ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയും” അവര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലും മൂന്നു വിജയികള്‍ക്ക് ട്രോഫികളുണ്ടാവും. ഇതിനു പുറമെ മൂന്നു മികച്ച എമിറാത്തി മത്സരാത്ഥികള്‍ക്കും സമ്മാനം ലഭിക്കും. വൗച്ചറുകള്‍, മെമ്പര്‍ഷിപ്പുകള്‍ തുടങ്ങി ഒട്ടനേകം സമ്മാനങ്ങള്‍ വേറെയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://www.hopasports.com/event/sharjahrun2018 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.