Monday, September 30, 2024
HomeSportsFootballഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനത്ത്

ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനത്ത്

 

മോസ്‌കോ: ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.

നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.

നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.

ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്‌നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.

ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments