കോഴിക്കോട്: അമ്മയ്‌ക്കെതിരായ രാഷ്ട്രീയ നേതാക്കളുടെ വിമര്‍ശനം ചാനലില്‍ പേരുവരാന്‍ വേണ്ടിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് ഇത്തരം വിമര്‍ശനങ്ങളൊന്നും കാര്യമാക്കേണ്ടെന്ന് പറയുന്നത്.
അമ്മ രാഷ്ട്രീയ സംഘടനയല്ല. അതുകൊണ്ട് പൊതുജനം എന്ത് പറയുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. അംഗങ്ങളുടെ ക്ഷേമത്തിനായി ഉണ്ടാക്കിയ സംഘടനയാണ്. വാര്‍ത്തകളെല്ലാം രണ്ടുദിവസം കൊണ്ടങ്ങടങ്ങും. അതുകൊണ്ട് ഇതൊന്നും കാര്യമാക്കേണ്ടെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കെതിരെയും ഗണേഷ് കുമാര്‍ സംസാരിക്കുന്നുണ്ട്. രാജിവെച്ചവര്‍ സിനിമയില്‍ സജീവമല്ല. എപ്പോഴും സംഘടനയ്ക്കുള്ളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണിവര്‍. അമ്മയുടെ സ്റ്റേജ് ഷോയിലും ഇവര്‍ സഹകരിച്ചിട്ടില്ല. പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുതെന്നും ഗണേഷ് കുമാര്‍ പറയുന്നു.
‘ചില രാഷ്ട്രീയനേതാക്കന്മാര്‍ അവര് പേര് പത്രത്തില്‍ വരാന്‍ വേണ്ടി, ആളാവന്‍ വേണ്ടി, പലതും പറഞ്ഞോട്ട് വരും. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വല്യ പ്രസക്തി ഒന്നുമില്ല. അതുകൊണ്ട് നമ്മളിതിന് മറുപടി പറയരുത്. നമ്മളിന് കൈ കൊടുക്കരുത്. ‘ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.
ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് ഒരാളെ സഹായിക്കുകയെന്നല്ല അവരുടെ രീതി. ആരെയും നശിപ്പിക്കാനുള്ള ഏത് അവസരവും അവര്‍ ഉപയോഗിക്കുമെന്നും ഗണേഷ് കുമാര്‍ മാധ്യമ ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ട് സന്ദേശത്തില്‍ പറയുന്നു.
ഇടതുപക്ഷ നേതാക്കളായ എം.സി ജോഫസൈന്‍, ജി. സുധാകരന്‍, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ A.M.M.Aയില്‍ അംഗങ്ങളായ ഇടതു നേതാക്കള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇടതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവരക്ക് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തീരുമാനമാണ് A.M.M.A കൈക്കൊണ്ടിട്ടുള്ളതെന്നും അതിനാല്‍ സംഘടനയുടെ ഭാഗമായ ഇടത് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇടത് നേതാക്കളുടെ ഈ നിലപാടിനെയാണ് ഗണേഷ് കുമാര്‍ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമമായി വ്യാഖ്യാനിച്ചിരിക്കുന്നത്.