കട്ടപ്പന: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താല്‍ തുടങ്ങി. ഉടുമ്പന്‍ചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നത് അടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും.
മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജകുമാരി, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, ശാന്തന്‍പാറ, എന്നി പഞ്ചായത്തുകളില്‍ ആണ് ജനകീയ ഹര്‍ത്താല്‍ നടക്കുന്നത്. ആദ്യം 13 പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മൂന്നു പഞ്ചായത്തുകളെ ഹർത്താലിൻ നിന്നും ഒഴിവാക്കി.
രാജാക്കാട്, ബൈസണ്‍വാലി, സേനാപതി എന്നീ പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്നും ഒഴിവാക്കിയത്. അരിക്കൊമ്പനെ ഉടനെ പിടികൂടണം എന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. മദപ്പാട് ഉള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം.
അരിക്കൊമ്പനെ പിടികൂടാന്‍ അനുവദിക്കാത്ത കോടതി നിലപാടിനെതിരെ ഇന്നലെ ഇടുക്കി സിങ്കുകണ്ടത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ റോഡില്‍ ഇറങ്ങി. ചിന്നക്കനാല്‍ റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു.അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് കോടതി വിയോജിക്കുകയായിരുന്നു. അരിക്കൊമ്പന്റെ കാര്യത്തില്‍ കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികള്‍ ഇന്ന് തുടരും.