ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെതിരെ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനോടകം ആയിരക്കണക്കിന് ഹമാസ് ഭീകരരെ വധിച്ചതായും നെതന്യാഹു പറഞ്ഞു. രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ കരയുദ്ധം എപ്പോള്‍, ഏതു രീതിയില്‍ ആയിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു തയ്യാറായില്ല. ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. അതില്‍ ഞാനടക്കം എല്ലാവരും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. പക്ഷെ അതെല്ലാം യുദ്ധത്തിന് ശേഷമേ സംഭവിക്കൂ എന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ ലെബനന് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ലെബനനില്‍ നിന്നും ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം ഉണ്ടായെന്നും അത് പ്രതിരോധിച്ചെന്നും, ശക്തമായ തിരിച്ചടി നല്‍കിയതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
അതിനിടെ, ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ജസീറ ഗാസ ലേഖകന്‍റെ ഭാര്യയും രണ്ട് മക്കളും വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടു.150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് കഴിയുന്നത്.