കാഠ്മണ്ഡു
ലുപലേഖ്, കാലാപാനി, ലിമ്പിയാധുരാ എന്നീ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു. ഇതിനായി ഭരണ ഘടന ഭേദഗതി ചെയ്തത് നേപ്പാൾ പാർലിമെന്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാസാക്കി. പാർലിമെന്റിലെ ആകെ അംഗ സംഖ്യയായ 275 ൽ 258 പേരും പുതിയ ഭൂപടത്തെ അംഗീകരിയ്ക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.
നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാർട്ടികളായ നേപ്പാളി കോൺഗ്രസ്, രാഷ്ട്രീയ ജനത പാർട്ടി-നേപ്പാൾ, രാഷ്ട്രീയ പ്രജതന്ത്ര എന്നിവരും ഭേദഗതിയ്ക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ബില്ല് ഇനി നാഷണൽ അസ്സെംബ്ലിയിൽ വോട്ടെടുപ്പിനായി വെയ്ക്കും. ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നാഷണൽ അസ്സെംബിലിയിലും ഭൂരിപക്ഷമുണ്ട്.
കഴിഞ്ഞ മെയ് 31 നാണ് ബില്ല് പാർലിമെന്റിൽ അവതരിപ്പിച്ചത്.രാജ്യത്തിനുള്ളിലെ പുതിയ മേഖലകൾ കൂടി ഉൾപ്പെടുത്തി ഭരണ കേന്ദ്രങ്ങളും ബില്ലിൽ അവതരിപ്പിച്ചിട്ടുണ്ട്. ബില്ലിൽ പരാമർശിക്കുന്ന ഇന്ത്യൻ മേഖലകളിൽ കൂടി റോഡ് നിർമ്മിയ്ക്കുവാനും സർക്കാർ നീക്കമുണ്ട്. നേപ്പാളിന്റെ നീക്കത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിർത്തിയിൽ ഇന്ത്യൻ കർഷകൻ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് അമർഷം പുകഞ്ഞിരുന്നു. 22 വയസുകാരനായ ബീഹാർ സ്വദേശി വികേഷ് യാദവിനെയാണ് നേപ്പാൾ സൈന്യം അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് വെടിവെച്ചുകൊന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു