ഇന്ത്യ സൂപ്പര്‍ എട്ടില്‍; അമേരിക്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

0
39

ടി20 ലോക കപ്പില്‍ ആതിഥേയറായ അമേരിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ യുഎസിന് 20 ഓവറില്‍ 110 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് നാലും ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് 49 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടി. മികച്ച പിന്തുണ നല്‍കിയ ശിവം ദുബെ 35 പന്തില്‍ 31 റണ്‍സും കണ്ടെത്തി. വിരാട് കോലി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ ആദ്യമെ നഷ്ടപ്പെട്ട മത്സരത്തില്‍ സൂര്യകുമാര്‍ യാദവും ശിവംദുബെയുമാണ് പുറത്താവാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. റണ്‍സൊന്നുമെടുക്കാതെ കോലിയും മൂന്ന് ആറ് ബോളില്‍ നിന്ന് മൂന്ന് റണ്‍സുമായി രോഹിത് ശര്‍മ്മയും സൗരഭ് നേത്രവല്‍ക്കറിന്റെ ഏറില്‍ വീണു. എട്ടാമത്തെ ഓവറില്‍ പന്തും പതിനെട്ട് റണ്‍സുമായി മടങ്ങി. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ 39-3 എന്നതായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിചേര്‍ത്ത് സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 49 പന്തുകള്‍ നേരിട്ട സൂര്യ രണ്ട് വീതം സിക്സും ഫോറും നേടി. ദുബെ ഓരോ സിക്‌സും ഫോറുമടക്കം 35 പന്തുകള്‍ നേരിട്ടു.

യുഎസിന് ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ പിഴച്ചു. മൊണാങ്ക് പട്ടേലിന് പകരം ടീമിലെത്തിയ ഷയാന്‍ ജഹാംഗീര്‍ ഗോള്‍ഡന്‍ ഡക്കായി. പിന്നാലെ ആറാം പന്തില്‍ ആന്‍ഡ്രിസ് ഗോസിനെയും വെറും രണ്ട് റണ്‍സ് മാത്രമാക്കി പവലിയനിലേക്ക് അയച്ചു. യുഎസിന്റെ ബിഗ് ഹിറ്റര്‍മാരില്‍ ഒരാളായ ആരോണ്‍ ജോണ്‍സിനെ 22 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കവെ മടക്കിയത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ആരോണ്‍ ജോണ്‍സ് പുറത്തായതിന് ശേഷം സ്റ്റീവന്‍ ടെയ്ലര്‍-നിതീഷ് കുമാര്‍ കൂട്ടുക്കെട്ട് ശ്രദ്ധയോടെ ബാറ്റ് വീശി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാല്‍ 30 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 24 റണ്‍സെടുത്ത ടെയ്ലറെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. നിതീഷ് പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 23 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 27 റണ്‍സെടുത്ത താരത്തെ ഒടുവില്‍ 15-ാം ഓവറില്‍ അര്‍ഷ്ദീപ് മടക്കി. നിതീഷാണ് യുഎസില്‍ സൈഡില്‍ നിന്ന് ടോപ് സ്‌കോറര്‍. കോറി ആര്‍ഡേഴ്സണ്‍ 12 പന്തില്‍ 14 റണ്‍സെടുത്തു. ഹര്‍മീത് സിങ് 10 പന്തില്‍ നിന്ന് 10 റണ്‍സ് നേടി. ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് 11 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടോസ് നേടി ഇന്ത്യ യുഎസിനെ സമര്‍ദ്ദപ്പെടുത്തി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതിന്റെ ഫലം മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ കാണാനായി. അഞ്ച് ഓവര്‍ പിന്നിട്ടപ്പോഴും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സായിരുന്നു യു.എസിന്റെ സമ്പാദ്യം.

Leave a Reply