ഇന്ദു മല്‍ഹോത്രക്കൊപ്പം സുപ്രിം കോടതി ജഡ്ജിയായി കൊളീജിയം ശിപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്.
സീനിയോറിറ്റി പ്രശ്‌നം ചൂണ്ടിക്കാട്ടി കെ.എം. ജോസഫിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന്, ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ശിപാര്‍ശ ചെയ്യപ്പെട്ട ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ സുപ്രിം കോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് രംഗത്തു വന്നിരുന്നു. ഈ ആവശ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനുമുന്നിലെത്തിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
കൊളീജിയത്തിന്റെ ശിപാര്‍ശ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശിപാര്‍ശ ഉചിതമായ രീതിയില്‍ കൊളീജിയം പരിഗണിക്കുമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.