ന്യൂ ഡൽഹി
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ പാളിപ്പോയ ഡൽഹിയിൽ കോവിഡ് നിയന്ത്രണത്തിന്റെ ചുക്കാൻ പിടിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. മാലിന്യകൂമ്പാരത്തിൽ നിന്ന് വരെ മൃതദേഹങ്ങൾ കണ്ടെടുക്കേണ്ട ഭീതി ജനകമായ അവസ്‌ഥയെ നേരിട്ട ഡൽഹിയിൽ അരവിന്ദ് കേജ്രിവാൾ സർക്കാരിനെതിരെ രൂക്ഷമായ പരാമർശമാണ് കോടതി നടത്തിയത്. കാര്യങ്ങൾ കൈവിട്ടതോടെ കേന്ദ്രം രംഗത്ത് ഇറങ്ങുകയായിരുന്നു.

ഡൽഹിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഏകോപിപ്പിക്കുവാനും ഞായറാഴ്ച രണ്ട് മീറ്റിംഗ് ചേർന്നതിന് പുറമെ തിങ്കളാഴ്ച സർവ്വകക്ഷിയോഗവും അമിത് ഷാ വിളിച്ചു ചേർത്തിട്ടുണ്ട്. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആറ് ഐ എ എസ് ഉദ്യോഗസ്‌ഥന്മാരെ ഡൽഹിയിലേക്ക് സ്‌ഥലം മാറ്റുവാൻ തീരുമാനം ആയിട്ടുണ്ട്.

രോഗ പരിശോധന രണ്ട് ഇരട്ടി ആക്കുവാനും അതിന് ശേഷം മൂന്നിരട്ടിയാക്കുവാനും തീരുമാനമുണ്ട്. 500 ഐസൊലേഷൻ കോച്ചുകൾ എത്തിയ്ക്കുവാൻ റെയിൽവേയ്ക്ക് അടിയന്തിര നിർദ്ദേശം നൽകി കഴിഞ്ഞു. 10-49 കിടക്കകൾ ഉള്ള എല്ല ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി മാറ്റും. സ്വാമി സത്‌സംഗ് മൈതാനം ചികിത്സ കേന്ദ്രം ആകുവാനുള്ള സാധ്യതകൾ പരിശോധിയ്ക്കുന്നുണ്ട്. എയിംസ്ൽ ഹെല്പ് ഡസ്ക് ആരംഭിച്ചിട്ടുണ്ട്. കാലാതാമസം കൂടാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കുവാനുള്ള ക്രമീകരണവും നടത്തും.