തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയുടെ ഭാഗമായുള്ള അധികനികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനയാണ്. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 81.31 രൂപയാണ്. ഡീസലിന് 74.18 രൂപയും.
അതിനിടെ, പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിനുള്ള ദീര്‍ഘകാല മാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ചു സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഇന്ധനനികുതി ഉപയോഗിക്കുന്നതു രാജ്യത്തു റോഡുകളും ആശുപത്രികളും നിര്‍മിക്കാനും അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുമാണെന്നും മന്ത്രി വ്യക്തമാക്കി.