കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം. പ്രതിപട്ടികയിലുണ്ടായിരുന്ന ഒരാള്‍ കുറ്റവിമുക്തനാവുകയും രണ്ട് പേര്‍ വിചാരണ നേരിടണമെന്ന് കോടതി പറയുകയും ചെയ്ത സാഹചര്യത്തിലാണ് അഭയയുടെ ഓര്‍മ്മദിനം കടന്ന് പോകുന്നത്.
1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദൂരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ കേസ്, ആക്ഷന്‍ കൗണ്‍സില്‍ ഇടപെട്ടതോടെയാണ് കൊലപാതകമെന്ന രീതിയില്‍ അന്വേഷിച്ചു തുടങ്ങിയത്. ലോക്കല്‍ പൊലീസ് 17 വര്‍ഷം അന്വേഷിച്ച കേസ് പീന്നിട് ക്രൈം ബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു.
സിസ്റ്റര്‍ സ്റ്റെഫി, വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍ എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ഒരാള്‍ കുറ്റവിമുക്തനാകുകയും രണ്ട് പേര്‍ വിചാരണ നേരിടേണ്ട അവസ്ഥയുമുണ്ടായി. നാര്‍ക്കോ അനാലിസില്‍ കുറ്റം സമ്മതിച്ചിട്ടും കേസ് നീണ്ട് പോകുന്ന അപൂര്‍വ്വ സാഹചര്യവും അഭയാ കേസിനുണ്ട്. അതുകൊണ്ട് തന്നെ കേസിലെ അന്തിമ വിധി എന്താകുമെന്ന് അറിയാന്‍ കാത്തിരിക്കുയാണ് ഇപ്പോഴും മലയാളികള്‍.