ഇന്നു മുതൽ വിമാനത്താവളങ്ങളിൽ പരിശോധന, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കിയേക്കും

0
24

ന്യൂഡൽഹി; ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്‌സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാ​ഗ്രത ശക്തമാക്കാൻ കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിങ്ങും നടത്തും. 

അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട്  നിർബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ഇപ്പോൾ വിമാനസർവ്വീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ.

പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. പനി, ​ഗുരുതര ശ്വാസ പ്രശ്നങ്ങൾ എന്നിവയുള്ള രോ​ഗികളെ നിരീക്ഷിക്കണം. രോ​ഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണമെന്നും കേന്ദ്രം മാർ​ഗ നിർദ്ദേശത്തിൽ പറയുന്നു. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആൾക്കൂട്ടങ്ങൾ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്കും ഉറപ്പാക്കണം. വാക്സിൻ കരുതൽ ഡോസ് വിതരണത്തിൽ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതൽ ഡോസ് നൽകുന്നതിന് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

 ആശുപത്രികളിൽ ചൊവ്വാഴ്ചത്തെ മോക്ക് ഡ്രിൽ കേന്ദ്രം നിരീക്ഷിക്കും. എന്ത് കൊവിഡ് സാഹചര്യമുണ്ടായാലും നേരിടാൻ സജ്ജമെന്ന് മഹാരാഷ്ട്ര,ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു. 

Leave a Reply