Saturday, November 23, 2024
HomeNewsKeralaഇന്ന് ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഇന്ന് ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന്‍റെ ഭാഗമായി മദ്യത്തിന്‍റെ പൊതുവില്‍പന നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കേരള പൊതുവില്‍പന നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.

ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റ് വിഭാഗങ്ങളില്‍ പെടുന്ന എല്ലാ മദ്യത്തിനും 35 ശതമാനവും നികുതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.  

ലോക്ഡൗണ്‍ കാരണം സംസ്ഥാനത്തിന്‍റെ എല്ലാ പ്രധാന വരുമാന മാര്‍ഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ലോട്ടറി വില്‍പന നിര്‍ത്തലാക്കി. മദ്യശാലകള്‍ പൂട്ടി. ജി.എസ്.ടി. വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിന്‍റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെലവ് ചുരുക്കുന്നതിനെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായ സമിതിയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ബിശ്വനാഥ് സിഹ്ന, എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് കൗള്‍ എന്നിവര്‍ അംഗങ്ങളാണ്.  കേരള പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രദാസ് ഈ സമിതിയുടെ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കും.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി നിര്‍മിക്കുന്നതിന് 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വ്യവസായ വകുപ്പ് തയ്യാറാക്കിയ പ്രത്യേക പാക്കേജായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായി സ്ഥരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ റിട്ടയര്‍മെന്‍റ് ആനുകൂല്യം ലഭ്യമാക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന പുഴ പുറമ്പോക്കിലും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കുന്ന പുറമ്പോക്കിലും അധിവസിക്കുന്ന 70ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി ഏഴു കോടി രൂപ നല്‍കുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

1990 ഐ.എ.എസ് ബാച്ചിലെ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ, ഡോ.വി. വേണു, ജി. കമലവര്‍ധന റാവു (കേന്ദ്ര ഡെപ്യൂട്ടേഷന്‍), ശാരദ മുരളീധരന്‍ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments