Sunday, September 29, 2024
HomeNewsKeralaഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ് 2019

ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ് 2019

തിരുവനന്തപുരം: കേരളത്തിലെ കേരവ്യവസായ സംരക്ഷണത്തിനായി ആഗോള സാങ്കേതിക വൈദഗ്ധ്യം പരിചയപ്പെടലും പ്രയോജനപ്പെടുത്തലും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക വെബ് സൈറ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ബ്രോഷര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന കോക്കനട്ട് ചലഞ്ചിന്റെ പ്രഖ്യാപനം വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ഓഗസ്റ്റ് 17, 18 തീയതികളില്‍ കോഴിക്കോട്ടാണ് സമ്മേളനം നടത്തുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍(കെഎസ്ഐഡിസി), കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കേരള സര്‍ക്കാരും നാളികേര വികസന ബോര്‍ഡും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നാളികേര മേഖലയെ പുരോഗതിയിലേക്കു നയിക്കുന്നതിനു ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനങ്ങളും സമ്മേളനത്തില്‍ ഒരുക്കും. കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിന്റെ ഇതരഭാഗങ്ങളിലെയും പരിചയസമ്പത്തും വൈദഗ്ദ്ധ്യവും സമ്മേളനത്തില്‍ സമന്വയിപ്പിക്കപ്പെടും. ആധുനിക നാളികേര കൃഷിയുടെ പ്രശ്നങ്ങള്‍, മൂല്യവര്‍ധനവിലെ ഏറ്റവും നൂതന സാങ്കേതികവിദ്യാ വികാസങ്ങള്‍, സമകാലിക വ്യാപാര വ്യവസ്ഥ, നാളികേര വികസനത്തിനുള്ള സ്ഥാപനപരമായ സംവിധാനങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. ഒപ്പം ഈ വിഷയത്തില്‍ ഇന്ത്യയുടെ അനുഭവവും ലോകത്തെ പ്രധാന ഉല്‍പാദകരാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെയും നയരൂപീകരണ വിദഗ്ധരുടെയും അനുഭവങ്ങളും സമ്മേളനത്തില്‍ പങ്കുവയ്ക്കും. നാളികേര വ്യവസായത്തിലെ മികച്ച സമ്പ്രദായങ്ങളെപ്പറ്റിയും നാളികേര ഉല്‍പാദനത്തില്‍ ലോകത്തിലെ നല്ല മാതൃകകളെപ്പറ്റിയും പഠിക്കാന്‍ കേരളത്തെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നാളികേരത്തിന്റെ ഉല്‍പാദനം, ഉല്‍പാദനക്ഷമത, മൂല്യവര്‍ദ്ധനവ് എന്നിവയുടെ സുസ്ഥിര വളര്‍ചയ്ക്ക് വേണ്ടുന്ന ഒരു തന്ത്രം കേരളം രൂപപ്പെടുത്തണം. മെച്ചപ്പെട്ട ഉല്‍പാദനക്ഷമത, വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിപണിയുടെ സാധ്യതകള്‍ മുതലായവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ തെങ്ങുകൃഷി, നാളികേരാധിഷ്ഠിത വ്യവസായം എന്നിവയ്ക്കായി സുസ്ഥിരവും സംയോജിതവുമായ വികസന മാതൃക രൂപകല്‍പ്പന ചെയ്യുവാന്‍ സമ്മേളനം സഹായകരമാകും. സമ്മേളനത്തില്‍ സുസ്ഥിര നാളികേര വികസനത്തിനുവേണ്ട നയങ്ങളും പരിപാടികളും, നാളികേരത്തിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും, വ്യാവസായികോല്‍പാദനവും മൂല്യവര്‍ധനവും, രാജ്യാന്തര വ്യാപാര പ്രശ്നങ്ങള്‍, കയര്‍ മേഖലയുടെ സുസ്ഥിര വികസനത്തിനുവേണ്ട നയങ്ങളും പരിപാടികളും എന്നീ സെഷനുകളുണ്ടാവും. സമ്മേളനത്തോടനുബന്ധിച്ച് ദേശീയ കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കും. നാളികേര രംഗത്ത് (നാളികേര കൃഷി, വിപണനം, പ്രക്രിയ മെച്ചപ്പെടുത്തല് എന്നിവയടക്കം) ആശയങ്ങളും നൂതന കണ്ടെത്തലുകളും പരിപോഷിപ്പിക്കുന്നതിനായി ചലഞ്ച് ശ്രമിക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍, വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ചലഞ്ച്. ഇത് ഉപദേശം ലഭിക്കുന്നതിനും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനും അവരെ പ്രാപ്തരാക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 70 പ്രഭാഷകരില്‍ 14 പേര്‍ വിദേശത്തുനിന്നുള്ളവരാണ്. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അവതരണങ്ങളില്‍ അവിടുത്തെ നാളികേര വികസനവുമായി ബന്ധപ്പെട്ട നയങ്ങളും പരിപാടികളും അവതരിപ്പിക്കും. ശ്രീലങ്ക, ആസ്ത്രേലിയ, തായ്ലാന്റ്, സിംഗപ്പുര്‍ എന്നിവടങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ ഉല്‍പാദനക്ഷമതയെയും മൂല്യവര്‍ധനവിനെയും പറ്റി ശാസ്ത്രീയ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തിനകത്തുനിന്നുള്ള പ്രഭാഷകര്‍ വിവിധ പ്രശസ്ത സ്ഥാപനങ്ങളില്‍നിന്നും സംഘടനകളില്‍ നിന്നുള്ളവരാണ്. സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രിയും, കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി, വ്യവസായ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി, കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാകും. കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥന്‍, ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്യൂണിറ്റിയുടെ എക്സിക്യട്ടീവ് ഡയറക്ടര്‍ ഡോ. ഉറോണ്‍ സാലൂം, നാളികേര വികസന ബോര്‍ഡ് അധ്യക്ഷ ഉഷാറാണി ഐഎഎസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments