ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു?; രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

0
29

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നേതാക്കളെ സന്നദ്ധത അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍. 

പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച ഐഎന്‍എല്‍ സമ്മേളനത്തില്‍ ജയരാജന്‍ പങ്കെടുക്കും. 

കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. 

നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇ പി ജയരാജന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിലും കണ്‍വീനര്‍ പങ്കെടുത്തിരുന്നില്ല. കോടിയേരിയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും, പിബി അംഗത്വത്തിലേക്കും പരിഗണിക്കാത്തതിലുമുള്ള എതിര്‍പ്പ് ഇ പി ജയരാജന്റെ നിസഹകരണത്തിന് പിന്നിലുണ്ടെന്ന് വാര്‍ത്തകളുണ്ട്. 

Leave a Reply