ഇര്‍ഫാന്‍ ഖാന്റേത് അപൂര്‍വ്വ രോഗം; കൂടുതല്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍

0
36

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവുവാണ് ഇര്‍ഫാന്‍ ഖാന്റെ അസുഖം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിത്.

ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെ രൂപപ്പെടുന്ന ട്യൂമറാണിത്. പാന്‍ക്രിയാസ്, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് വളരുന്നത്. ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിയുമെന്നും രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തനിക്ക് ഒരു അപൂര്‍വരോഗമുണ്ടെന്നും ആരും അതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ഖാന്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങളുമായി ഡോക്ടറും രംഗത്തെത്തിയത്. വയറിലെ ആന്തരികാവയവങ്ങള്‍ക്ക് അര്‍ബുദം ബാധിച്ചതായാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്.

ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും എനിക്ക് പ്രതീക്ഷ പകരുന്നു. എനിക്ക് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസയും തുടരണം. ന്യൂറോ എന്നു പറഞ്ഞാല്‍ തലച്ചോറിനെ മാത്രം സംബന്ധിച്ചുള്ളതല്ല. അത് നിങ്ങള്‍ക്ക് ഗൂഗിള്‍ നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കും. എനിക്ക് വേണ്ടി കാത്തിരിക്കുന്നവരോട് കൂടുതല്‍ കഥകള്‍ പറയാന്‍ ഞാന്‍ തിരിച്ചുവരും എന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് ഇര്‍ഫാന് വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം നീട്ടിവച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്റെ ചിത്രവും ഹിന്ദി മീഡിയം 2 എന്ന ചിത്രവുമാണ് ഇര്‍ഫാന്റേതായി വരുന്ന ചിത്രങ്ങള്‍.

Leave a Reply