തലശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ പോലീസ് തെളിവെടുപ്പിന് ഇവരുടെ വീട്ടിലെത്തിച്ചു. പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വി വിധ സമയങ്ങളില്‍ ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്തു നല്‍കിയ പാത്രങ്ങള്‍ എന്നിവ കസ്റ്റഡിയിലെത്തു.
പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രദേശത്ത് വന്‍തോതില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. നാട്ടുകാര്‍ കൂക്കിവിളികളോടെയാണ് സൗമ്യയെ എതിരേറ്റത്. ആളുകള്‍ സൗമ്യക്കു നേരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. പോലീസ് വാഹനത്തില്‍നിന്നും പ്രതിയെ പുറത്തിറക്കിയതുമുതല്‍ തിരിച്ചുക യറ്റുന്നതു വരെ ജനക്കൂട്ടം കൂവിവിളിക്കുകയും അസഭ്യംപറയുകയും ചെയ്യുന്നുണ്ടായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്വയര്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനുപിന്നാലെ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കാണിച്ച് അന്വേഷ ണസംഘം നല്‍കിയ ഹര്‍ജി പരിഗണിച്ച് പ്രതിയെ 28 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.