രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നും വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നുമുള്ള നിങ്ങളുടെ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു, നോട്ട് നിരോധനത്തിന് ശേഷവും എന്തുകൊണ്ടാണ് ആദായനികുതി റെയ്ഡുകള്‍ വ്യാപകമായി തുടരുന്നത്, എടിഎമ്മുകളില്‍ എന്തുകൊണ്ട് പണമില്ല – നടന്‍ പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കുന്ന ചില ചോദ്യങ്ങളാണ്. തൊഴില്‍, കള്ളപ്പണം, ആദായനികുതി റെയ്ഡുകള്‍, എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥ ഇതിനെക്കുറിച്ചെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രകാശ് രാജ്യങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ജസ്റ്റ് ആസ്‌കിംഗ് എന്ന പേരില്‍ ഒരു കാംപെയിന്‍ തുടങ്ങിവച്ചിരിക്കുകയാണ് നടന്‍.
താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്ന പ്രധാനമന്ത്രി മോദിയെ പ്രകാശ് രാജ് വിമര്‍ശിക്കുന്നു. ഉത്തരം കിട്ടുന്നത് വരെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നാണ് പ്രകാശ് രാജ് പറയുന്നത്. ഇത്തരത്തില്‍ ഉത്തരം കിട്ടുന്നത് വരെ ജനങ്ങള്‍ ചോദ്യം ചോദിച്ചാല്‍ മാത്രമേ രാജ്യത്ത് ഉത്തരവാദിത്തമുള്ള ഭരണസംവിധാനമുണ്ടാകൂ എന്ന് പ്രകാശ് രാജ് പറഞ്ഞു. നിങ്ങള്‍ അഴിമതി പിഴുതെറിയുമെന്ന് പറയുന്നു. പിന്നെ എങ്ങനെയാണ് ബെല്ലാരി റെഡ്ഡി സഹോദരന്മാര്‍ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാകുന്നത് – പ്രകാശ് രാജ് ചോദിക്കുന്നു.
ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിന് പകരം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇത്രയും കാലം നടപ്പാക്കിയ വികസന പദ്ധതികളെ പറ്റി സംസാരിക്കട്ടെ. നോട്ട് നിരോധനം വിവിധ വര്‍ഗങ്ങളില്‍ പെട്ട ജനങ്ങളുടെ ജീവിതം തകര്‍ത്തു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ജനങ്ങളെ കൊള്ളടിക്കാനായി മാത്രമാണ് ജി എസ് ടി കൊണ്ടുവന്നത്. നോട്ട് നിരോധനം വഴി എത്ര കള്ളപ്പണം പിടിച്ചു എന്നതിന് വല്ല കണക്കുമുണ്ടോ. നോട്ട് നിരോധനം വിജയമായിരുന്നെങ്കില്‍ ഇങ്ങനെ തുടര്‍ച്ചയായി ആദായനികുതി റെയ്ഡുകള്‍ നടത്തുന്നതെന്തിന് ഇതിനെല്ലാം മറുപടി ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞേ മതിയാകൂ – പ്രകാശ് രാജ് പറഞ്ഞു.