Saturday, November 23, 2024
HomeNewsഉപദ്രവിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐക്കാർ സഹോദരന്മാർ, തെറ്റിദ്ധാരണ മാറ്റി പാര്‍ട്ടിയിലെത്തിക്കണമെന്ന് ഷാജി; നിലപാടിൽ മാറ്റമില്ലെന്ന് മുനീർ-കേന്ദ്രനടപടിയിൽ ലീഗിൽ ഭിന്നത

ഉപദ്രവിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐക്കാർ സഹോദരന്മാർ, തെറ്റിദ്ധാരണ മാറ്റി പാര്‍ട്ടിയിലെത്തിക്കണമെന്ന് ഷാജി; നിലപാടിൽ മാറ്റമില്ലെന്ന് മുനീർ-കേന്ദ്രനടപടിയിൽ ലീഗിൽ ഭിന്നത

കോഴിക്കോട്: പോപുലർ ഫ്രണ്ട് നിരോധനത്തിൽ മുസ്‌ലിം ലീഗിനകത്ത് ആശയക്കുഴപ്പം. നിരോധനത്തെ പിന്തുണച്ച നിലപാടിൽ മാറ്റമില്ലെന്ന് മുതിർന്ന നേതാവ് എം.കെ മുനീർ വ്യക്തമാക്കിയപ്പോൾ പി.എഫ്.ഐക്കെതിരായ കേന്ദ്രനടപടി ഏകപക്ഷീയമാണെന്നും സംശയാസ്പദമാണെന്നുമാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചത്. പോപുലർ ഫ്രണ്ടിൽ പെട്ടുപോയവരെ തെറ്റിദ്ധാരണകൾ തിരുത്തി ലീഗിലെത്തിക്കണമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
പി.എഫ്.ഐ നിരോധനത്തിനു തൊട്ടുപിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് മുനീർ രംഗത്തെത്തിയിരുന്നു. കാരണങ്ങൾ കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിന്റെ കൂടെനിൽക്കുക മാത്രമാണ് ചെയ്യാനാകൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രമാത്രം അക്രമങ്ങൾ അവർ അഴിച്ചുവിട്ടിട്ടുണ്ട്. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദാവാക്യമാണ് പോപുലർ ഫ്രണ്ട് മുഴക്കിക്കൊണ്ടിരിക്കുന്നതെന്നും മുനീർ ചൂണ്ടിക്കാട്ടി. വാളെടുക്കാൻ ആഹ്വാനം ചെയ്തവർ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും നിലപാട് ആവർത്തിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്നാണ് മുനീർ വ്യക്തമാക്കിയത്. ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റിപ്പറയുന്ന രീതി ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും മുനീർ പ്രതികരിച്ചു.
എന്നാൽ, പി.എഫ്.ഐ നിരോധനത്തിൽ ലീഗിൽ ആശയക്കുഴപ്പമില്ലെന്ന് പി.എം.എ സലാം വ്യക്തമാക്കിയത്. മുൻപ് വ്യക്തമാക്കിയതു തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്.ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ലെന്നും നടപടി സംശയാസ്പദമാണെന്നുമായിരുന്നു സലാം നേരത്തെ പ്രതികരിച്ചിരുന്നത്. നിരോധനമല്ല പരിഹാരമാർഗം. ആശയപരമായി ഒരു സംഘടനയെ തകർക്കാൻ നിരോധനം കൊണ്ട് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പോപുലർ ഫ്രണ്ടിന്റെ ആരംഭകാലം മുതൽ അവരെ നിശിതമായി എതിർത്തുകൊണ്ടിരിക്കുന്ന ഏക രാഷ്ട്രീയ പാർട്ടി മുസ്‌ലിം ലീഗാണ്. വർഗീയ, വിധ്വംസക പ്രവർത്തനങ്ങൾ പറഞ്ഞാണ് നിരോധിച്ചത്. ഇതെല്ലാം ഇതിലും രൂക്ഷമായി ചെയ്യുന്ന സംഘടനകൾ രാജ്യത്തുണ്ട്. അവരെയൊന്നും തൊടാതെ, ആർ.എസ്.എസ് പോലെയുള്ള സംഘടനകളെ പ്രോത്സാഹിപ്പിച്ച്, അവരുടെ കുറ്റകൃത്യങ്ങൾക്ക് പിന്തുണ നൽകുന്ന സർക്കാർ പി.എഫ്.ഐയെ മാത്രം തൊടുമ്പോൾ അത് ഏകപക്ഷീയമായമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും സലാം പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments