കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വധശ്രമക്കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. ദീപക്, സിഒടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സെഷന്‍സ് കോടതി വിധിച്ചു. 113 പ്രതികളില്‍ 110 പേരെ കോടതി വെറുതെ വിട്ടു. ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ നസീര്‍ 18 -ാം പ്രതിയും ദീപക് 88-ാം പ്രതിയും ബിജു 99-ാം പ്രതിയുമാണ്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ നസീറിനെയും ദീപക്കിനെയും സിപിഎം പിന്നീട് പുറത്താക്കിയിരുന്നു. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് ഇപ്പോഴും സിപിഎം അംഗമാണ്.
2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് അത്‌ലറ്റിക് മീറ്റ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. എല്‍ഡിഎഫ് ഉപരോധസമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.
കോടതി വെറുതെ വിട്ടവരില്‍ മുന്‍ എംഎല്‍എമാരായ കെ കെ കൃഷ്ണന്‍, സി നാരായണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സംഭവം നടക്കുമ്പോള്‍ ഡിവൈഎഫ്‌ഐ തലശ്ശേരി ഭാരവാഹിയും നഗരസഭ കൗണ്‍സിലറുമായിരുന്നു നസീര്‍. ഡിവൈഎഫ്‌ഐ ഭാരവാഹികളായിരുന്നു ദീപക്കും ബിജു പറമ്പത്തും. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ പിന്നീട് വിധിക്കും.