കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടാണ് എംഎല്‍എ വീണത്. പരിപാടിയുടെ സംഘാടകരില്‍ ഒരാളായ പൂര്‍ണിമ, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ വീഡിയോയിലുണ്ട്. ഒന്നര മീറ്ററാണ് സ്‌റ്റേജിന്റെ വലുപ്പം ഉണ്ടായിരുന്നത്. അതില്‍ രണ്ട് നിരയായാണ് കസേര ഇട്ടിരുന്നത്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. ഇതിനിടെയാണ് അപകടം.അതേസമയം, മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസുകളില്‍ അന്വേഷണം നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന.