Tuesday, November 26, 2024
HomeNewsKeralaഎംഎല്‍എയെ മനസ്സിലായില്ല, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ചു; എസ്‌ഐയുടെ മൊഴി

എംഎല്‍എയെ മനസ്സിലായില്ല, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ചു; എസ്‌ഐയുടെ മൊഴി

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ തര്‍ക്കത്തില്‍ എംഎല്‍എയെ മനസ്സിലായില്ലെന്ന് എസ്‌ഐയുടെ മൊഴി. സമരം നടത്തിയ നഴ്‌സിങ് അസോസിയേഷന്റെ ഭാരവാഹി ആണെന്ന് വിചാരിച്ചാണ് പ്രതികരിച്ചതെന്നും എസ്‌ഐ ഷമീല്‍ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മൊഴി നല്‍കി. മൈക്ക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പില്‍ വിലക്ക് ഉള്ളതിനാലാണെന്നും എസ്‌ഐ പറഞ്ഞു. 

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രകടനം കലക്ടറേറ്റ് വളപ്പിനുള്ളില്‍ കടന്നിരുന്നു. എം വിജിന്‍ എംഎല്‍എയെ തിരിച്ചറിഞ്ഞില്ലെന്ന് എസ്‌ഐ പറഞ്ഞു. പ്രതിഷേധക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു. കലക്ടറേറ്റ് വളപ്പിനുള്ളില്‍ മൈക്കില്‍ പ്രസംഗിക്കുന്നതിന് വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചെടുത്തതെന്നും എസ്‌ഐ മൊഴി നല്‍കി. 

പ്രതിഷേധ മാര്‍ച്ച് കലക്ടറേറ്റ് ഗേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസിന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എംഎല്‍എയോട് പേര് ചോദിച്ചത് എസ്‌ഐ പറഞ്ഞിട്ടാണെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ എസിപിക്ക് മൊഴി നല്‍കിയിട്ടുണ്ട്. 

അതേസമയം തന്നോട് അപമ്യാദയോടെ പെരുമാറുകയും പ്രോട്ടോക്കോല്‍ പാലിക്കാതിരിക്കുകയും ചെയ്ത ടൗണ്‍ എസ്‌ഐക്കെതിരെ നടപടി വേണമെന്നാണ് എം വിജിന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്. പൊലീസിന്റെ സുരക്ഷാവീഴ്ച മറച്ചുവെക്കാനാണ് എസ്‌ഐയുടെ ശ്രമമെന്നും വിജിന്‍ ആരോപിക്കുന്നു. 

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ രത്‌നകുമാര്‍ മൊഴി രേഖപ്പെടുത്തി. ഇന്നോ നാളെയോ എസിപി റിപ്പോര്‍ട്ട് നല്‍കും. എംഎല്‍എയോട് മോശമായി പെരുമാറിയതിന് എസ്‌ഐ ഷമീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments