Friday, July 5, 2024
HomeINTERVIEWഎന്താണ് ‘പൂമരം’, എന്തുകൊണ്ട് ‘പൂമരം’; എബ്രിഡ് ഷൈന്‍ മനസ് തുറക്കുന്നു

എന്താണ് ‘പൂമരം’, എന്തുകൊണ്ട് ‘പൂമരം’; എബ്രിഡ് ഷൈന്‍ മനസ് തുറക്കുന്നു

മലയാള സിനിമയുടെ ആഖ്യാനരീതികളെ പൊളിച്ചെഴുതി കടന്നുവന്ന സംവിധായകനാണ് എബ്രിഡ് ഷൈന്‍. 1983 ല്‍ തുടങ്ങി പൂമരം വരെ എബ്രിഡ് സംവിധാനം ചെയ്ത മൂന്നു സിനിമകളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഓരോ അടയാളപ്പെടുത്തലാണ്. ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് പൂമരത്തെക്കുറിച്ച് സംവിധായകന്‍ സൗത്ത്‌ലൈവിനോട് സംസാരിക്കുന്നു

കയ്യടികള്‍ ഉണ്ട്, വളരെ നല്ല റിവ്യൂസ് വരുന്നു, ഒപ്പം ആദ്യ ദിവസങ്ങളിലെ വിമര്‍ശനങ്ങളും, സര്‍വകലാശാല കലോത്സവത്തിന്റെ സിഡി കണ്ടത് പോലുണ്ട് എന്നതായിരുന്നു പ്രധാന വിമര്‍ശനം എന്ത് തോന്നി?

പൂമരം സിനിമയുടെ സ്‌ക്രിപ്റ്റിംഗ് നടക്കുന്ന സമയത്ത് ഞാന്‍ ശേഖരിച്ച മെറ്റീരിയലുകളില്‍ കലോത്സവത്തിന്റെ സിഡികളും ഉണ്ട്. കലോത്സ വവാര്‍ത്തകള്‍ ഉള്ള , വര്‍ഷങ്ങളായുള്ള പത്രങ്ങള്‍, സംഘാടകരുടെ, പങ്കെടുത്തവരുടെ ഓര്‍മ്മക്കുറിപ്പുകള്‍, ഓര്‍മ്മകളിലൂടെ അവര്‍ സഞ്ചരിക്കുമ്പോള്‍ അവരില്‍ ഉണ്ടായ വൈകാരികതയും ഹൃദയത്തില്‍ ഒപ്പിയെടുത്താണ് പൂമരം തുടങ്ങിയത്. സിഡി കണ്ട് പഠിക്കാന്‍ ആയിരിക്കും എല്ലാവിധ പരിപാടികളുടെയും സിഡി ഇറങ്ങുന്നത്. ഒരു ഇനം 10 മിനുറ്റ് വച്ച് കാണും. ചിലത് അതിനപ്പുറവും. തിരുവാതിര, മാപ്പിളപ്പാട്ട്, കോല്‍ക്കളി, കഥാപ്രസംഗം അങ്ങനെ അങ്ങനെ.. പ്രോഗ്രാം കണ്ട്പഠിക്കാന്‍ അതിനപ്പുറം ഒരു കാഴ്ചയും ഞാന്‍ ഒരു സിഡിയിലും കണ്ടിട്ടില്ല.

2016 ല്‍ തൊടുപുഴയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവം ‘സപര്യ’ കാണാന്‍ ചെന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ സെന്റ് തെരേസ കോളേജ് എങ്ങനെയാണ് ഒരുങ്ങുന്നത് എന്ന് കാണാന്‍ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. അവരുടെ അപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ തൂലിക, തൂലികയെ എനിക്ക് ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍വച്ച് പരിചയുമണ്ടായിരുന്നു. നിവിനെ സെന്റ് തെരേസാസിന്റെ ഒരുപരിപാടിയില്‍ ക്ഷണിക്കാന്‍ വേണ്ടിയാണ് തൂലിക വന്നിരുന്നത്. തൂലികയെ യുവജനോത്സവ വേദിയില്‍ കണ്ടപ്പോള്‍ സെന്റ് തെരേസാസ് പോയന്റ് നിലയില്‍ പിറകിലായിരുന്നു.

സ്വന്തം കോളേജിനെ ചാമ്പ്യന്‍മാരാക്കാനുള്ള തൂലികയുടെ ഉത്സാഹം, ടെന്‍ഷന്‍, പ്രസരിപ്പ് ഊര്‍ജ്ജം ഒക്കെ ഞാന്‍ നേരിട്ട് കണ്ടതാണ്. അവിടെ നിന്നാണ്, തൂലികയാണ് പൂമരത്തിന്റെ തുടക്കം. തൂലികയും 2017 ലെ സെന്റ് തെരേസാസ് ചെയര്‍പേഴ്‌സണ്‍ ഡോണയില്‍ നിന്നുമാണ് ഐറിന്‍ എന്ന കഥാപാത്രം പിറക്കുന്നത്. തുലികയാണ്, എംജി സര്‍വകലാശാല കലോത്സവത്തില്‍ രണ്ട് തവണ കലാതിലകമായ മൂന്നാമതും കലാതിലക പട്ടത്തിനായി മത്സരിക്കുന്ന അര്‍ച്ചിതയെ പരിചയപ്പെടുത്തി. അര്‍ച്ചിതയുടെ അതിഗംഭീരമായ ഭരതനാട്യം വേദിയില്‍ കണ്ടു. പിന്നീട് വര്‍ഷങ്ങളായി അര്‍ച്ചിത ശേഖരിച്ച പത്രങ്ങളുടെ കോപ്പി അര്‍ച്ചിത എനിക്ക് തന്നു. കൂടെ അര്‍ച്ചിത കലാതിലകമായപ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് കലാപ്രതിഭയായ മഹാരാജാസ് കോളേജിലെ ചെയര്‍മാന്‍ ആയിരുന്ന നാസിലിനെ പരിചയപ്പെടുത്തി. ഇരുവരും കലോത്സവ വേദിയില്‍ പരിചയപ്പെട്ടവരാണ്. അങ്ങേയറ്റം അന്തസ്സായി പെരുമാറുന്ന നാസിലില്‍ നിന്നാണ് ഞാന്‍ ഗൗതമനെ അടര്‍ത്തിയെടുത്തത്. പിന്നീട് സെന്റ് തെരേസാസിലെ കുട്ടികള്‍ വന്നു, മഹാരാജാസിലെ കുട്ടികള്‍ വന്നു, ഫൈസല്‍ വന്നു അവര്‍ പാട്ടുകള്‍ പാടി അവരില്‍ നിന്നും പാട്ടുകള്‍ ശേഖരിച്ചു.
.

അവരുടെ കൂടെ എന്റെ സുഹൃത്ത് രാജേഷ് വര്‍മ്മ ഹൃദയം നിറയെ കവിതകളുള്ള മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ഥി അജീഷ് ദാസനെ കൊണ്ടുവന്നു. ആ വരികളെ താലോലിച്ച് ഹൃദയരാഗം പൊഴിച്ച ഗിരീഷ് കുട്ടനെ കണ്ടു. എല്ലാരും ഒരുമിച്ചു പാടി. അവയെല്ലാം ചേര്‍ന്നാണ് പൂമരം പിറന്നത്. തൂലികയെ കലോത്സവ സിഡിയില്‍ കണ്ടിട്ടുണ്ടെങ്കില്‍ നാസിലിനെ മഹാരാജാസ് കോളേജിന്റെ കലോത്സവ സിഡിയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അവന്റെ കൂട്ടുകാരെ കലോത്സവ സിഡിയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അജീഷ് ദാസന്റെയും ഗിരീഷ് കുട്ടന്റെയും ഫൈസല്‍ റാസിയുടെയും മറ്റ് കലാകാരന്‍മാരുടെയും ഹൃദയം പൊഴിച്ച വരികളും സംഗീതവും കലോത്സവ സിഡിയില്‍ ഉണ്ടെങ്കില്‍ പൂമരം ഒരു കലോത്സവ സിഡി തന്നെയാണ്.
പിന്നെ കലോത്സവം പോലെയുണ്ടല്ലോ എന്ന് അപഹസിക്കാന്‍ പറയുന്നവരോട് കലോത്സവം കൂടിയതുപോലെ എന്നത് അനുഭവവേദ്യമാക്കാനാണ് പൂമരം കൊണ്ട് ശ്രമിച്ചത്.
അത് അനായാസകരമായിരുന്നില്ല.

പൂമരത്തില്‍ കാളിദാസന്റെ ഗൗതമന്‍ എന്ന കഥാപാത്രവും അച്ഛനുമായുള്ള സംഭാഷണം നാടകീയതകൂടി എന്ന വിമര്‍ശനം ഉയര്‍ന്നല്ലോ.. അതിനോടുള്ള പ്രതികരണം?

പ്രൊഫസര്‍ സിഎസ് ജയറാം ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വര്‍ഷങ്ങളോളം തേവര കോളേജില്‍ അധ്യാപകനായി വിരമിച്ച ശേഷം അമൃതയില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന ജയറാം സര്‍ എല്ലാവരോടും സാറിന്റെ മക്കളോടും സഹോദരിയോടും ഞങ്ങളോടുമൊക്കെ അങ്ങനെയാണ് സംസാരിക്കുന്നത്. സാത്വികനായ ഒരാള്‍ വളരെ സ്വാത്വികനായ ഒരു പിതാവിന്റെ മകന്‍ എന്ന നിലയ്ക്കാണ് ഗൗതമന്റെ കഥാപാത്രം ഡിസൈന്‍ ചെയ്തത്. അദ്ദേഹം പറയുന്ന മാറ്റര്‍ സിനിമയുടെ അവസാനം വരെ കണക്ട് ചെയ്ത് കിടക്കുന്നതാണ്. വര്‍ഷങ്ങളോളം അധ്യാപനം നടത്തിയ ഒരാള്‍ സംസാരിക്കുമ്പോഴും അത്തരത്തിലുള്ള ഭാഷ കടന്നുവരും എനി്ക്ക് അതില്‍ അപാകതയൊന്നും തോന്നിയില്ല.

നായകനും നായികയും പരസ്പരം സംസാരിക്കുന്നില്ല, പ്രണയമില്ല തുടങ്ങിയ വിമര്‍ശനങ്ങളും ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നല്ലോ..?

നിറയെ പ്രണയം അല്ലേ പൂമരത്തില്‍. കലോത്സവത്തോടുള്ള പ്രണയം, രാത്രിയോടുള്ള പ്രണയം, സംഗീതത്തോടുള്ള പ്രണയം കുട്ടികള്‍ തമ്മില്‍ തമ്മില്‍ തന്നെ എത്രമാത്രം പ്രണയങ്ങള്‍ പ്രണയ നിരാകരണം, പ്രണായാഭ്യര്‍ഥന, പ്രണയം പറയാനുള്ള ശ്രമം പ്രണയിനിയുടെ ശ്രദ്ധകിട്ടാനുള്ള ശ്രമം, പറയാതെ പോയ പ്രണയം, വഴക്ക് തുടങ്ങി എത്രയേറെ പ്രണയങ്ങള്‍. നായകനും നായികയും വെറുതെ മിണ്ടിയിട്ട് കാര്യമില്ലല്ലോ?.. ഗൗതമനും ഐറിനും രണ്ട് ടീമുകളെ നയിക്കുന്ന തുല്യരായ ക്യാപറ്റന്‍മാരാണ്, അല്ലാതെ ഒരു ക്യാപ്റ്റന്റെ ഭാര്യയോ കാമുകിയോ അല്ല മറ്റേ ക്യാപറ്റന്‍.

പൂമരം സിനിമ അവസാനിക്കുന്നിടത്ത് ഐറിനും ഗൗതമനും കണക്ട് ചെയ്യാനുള്ള പോയന്റില്‍ ആണ് എത്തി നില്‍ക്കുന്നത്. ഒരുപക്ഷെ അവരുടെ സൗഹൃദം തുടങ്ങുന്നത് അതിനുശേഷമായിരിക്കും.

കാളിദാസന്‍ മലയാളത്തില്‍ ആദ്യമായി നായകനായ സിനിമയാണ് പൂമരം, എന്തായിരുന്നു അനുഭവം

കാളിദാസന്‍ ജന്യൂനായിട്ടുള്ള ആക്ടറാണ്. കാരണം കണ്ണന്‍ കേരളത്തിലെ കോളജുകളില്‍ പഠിക്കുകയോ ഭാഷ അറിയുകയോ ചെയ്യുന്ന ആളല്ല. മാത്രമല്ല പൂമരത്തിലെ മറ്റുകുട്ടികള്‍ ആര്‍ട്സ് കോളജില്‍ പഠിക്കുന്നവരും മഹാരാജാസ് കോളജിലെ കുട്ടികള്‍ ഒക്കെത്തന്നെയാണ്അഭിനയിച്ചത്‌. അവരുടെ ഇടയ്ക്ക് നടക്കുമ്പോള്‍ അവരിലൊരാളായാണ് കണ്ണന്‍ മാറിയത്.

സിനിമാ നടന്‍ എന്ന നിലയില്‍ മാറി നില്‍ക്കാതെ ആ കുട്ടികളുടെ കൂടെ നടന്ന് അവരിരലൊരാളായി ജീവിക്കുകയായിരുന്നു കണ്ണന്‍. അവരോടൊപ്പം നടന്ന് അലിഞ്ഞ് ചേരുന്നത് തന്നെ ബ്ലന്‍ഡ് ആകുന്നതുകൊണ്ടാണ് മുഴച്ചു നിക്കാത്തത്. അവന് അതിനകത്ത് ലയിച്ച് അതിനൊപ്പം ചേരാന്‍ സാധിച്ചത് ബ്രില്ല്യന്റ് ആയ ഒരു നടനായതുകൊണ്ടാണ്. അത്തരത്തില്‍ കണ്ണന് അറിഞ്ഞ് കൂടാത്ത മേഖലയില്‍ കാണ്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ അവരോടൊപ്പം ഒരാളായി ചേരാനും കഴിഞ്ഞിട്ടുണ്ട്.അസാമാന്യ കഴിവുള്ള അഭിനേതാവാണ് കാളിദാസന്‍

ഇത്രയും വലിയ സിനിമ, തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രയും ആള്‍ക്കൂട്ടം എന്തൊക്കെയായിരുന്നു പ്രതിസന്ധികള്‍? നിര്‍മ്മാതാവ് ഡോ: പോളിന്റെ സഹകരണം എങ്ങനെയായിരുന്നു?

പൂമരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ചൈതന്യം വഹിക്കുന്ന കുട്ടികളുടെ വലിയ സംഘം. ഈ ചൈതന്യം വഹിക്കുന്ന കുട്ടികളുടെ മുഖം തന്നെയാണ് ചിത്രത്തിന്റെ വിജയം. ആ സിനിമയുടെ ഭാഗമാവുകയും ക്ഷമയോടെ കൂടെ നില്‍ക്കുകയും ചെയ്ത നിര്‍മ്മാതാവാണ് ഡോ: പോള്‍.
ഏറ്റവും മാന്യനും അന്തസ്സുള്ള വ്യക്തിയുമാണ് അദ്ദേഹം.എനിക്ക് അറിയാവുന്ന ഏറ്റവും നല്ല പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍, അദ്ദേഹത്തോട് എനിക്ക് തീരാത്ത കടപ്പാടും സ്‌നേഹവുമുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments