എന്നെ ഇട്ടിട്ടു പോകാത്തതിനും, ക്ഷമയോടെ സഹിച്ചതിനും നന്ദി; വികാരനിര്‍ഭരനായി ഫഹദ് ഫാസില്‍

0
28

വനിതാ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തന്റെ ജീവിതത്തിലെ വനിതകളെ ഓര്‍ത്തും അവര്‍ക്ക് നന്ദി പറഞ്ഞും നടന്‍ ഫഹദ് ഫാസില്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സംവിധായകന്‍ ലാല്‍ ജോസില്‍ നിന്നും ഏറ്റുവാങ്ങിയതിനു ശേഷമായിരുന്നു ഫഹദിന്റെ വികാരനിര്‍ഭരമായ വാക്കുകള്‍.

‘ഈ അവസരത്തില്‍ എന്റെ ജീവിതത്തിലെ എല്ലാ വനിതകളേയും ഞാന്‍ ഓര്‍ക്കുന്നു. ആദ്യമായി എന്റെ ഉമ്മ. ഉമ്മയ്ക്ക് 19 വയസുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. ഒരുമിച്ചായിരുന്നു ഞങ്ങള്‍ വളര്‍ന്നത്. ഉമ്മ എന്നും നല്ലൊരു സുഹൃത്തായിരുന്നു. അക്കാലത്ത് എന്നെ വിശ്വസിച്ചിരുന്ന ഏക വ്യക്തിയും എന്റെ ഉമ്മയായിരുന്നു. പിന്നെ സഹോദരിമാര്‍. ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് എന്റെ ഭാര്യ നസ്രിയയോടാണ്. എന്നെ ഇട്ടിട്ടു പോകാത്തതിന്, ക്ഷമയോടെ സഹിച്ചതിന്, ഒരു അവസരം എനിക്കു തന്നതിന്, നന്ദി,’ ഫഹദ് പറഞ്ഞു.

തന്റെ ഏറ്റവും വലിയ ഭാഗ്യം കേരളത്തില്‍ ജനിച്ചു എന്നതും മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതുമാണെന്നും ഫഹദ് പറഞ്ഞു. മറ്റേതെങ്കിലും ഭാഷയിലായിരുന്നുവെങ്കില്‍ ഡയമണ്ട് നെക്ലേസോ, തൊണ്ടിമുതലോ, ചാപ്പാകുരിശോ, മഹേഷിന്റെ പ്രതികാരമോ ഒന്നും തനിക്കു ചെയ്യാനാകില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

<iframe width=”100%” height=”315″ src=”https://www.youtube.com/embed/RYGGEuRIyVg?ecver=1″ frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കള്ളന്‍ പ്രസാദ് എന്ന കഥാപാത്രത്തിനാണ് ഫഹദിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രേക്ഷകരുടേയും നിരൂപകരുടേയും ഭാഗത്തുനിന്നും ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, വെട്ടുക്കിളി പ്രകാശ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Reply