എന്നെ സിനിമയില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പ്രൊഡ്യൂസര്‍മാര്‍ക്കൊക്കെ എന്നെത്തേടി വരാന്‍ മടിയായി; വെളിപ്പെടുത്തലുമായി ഗോകുല്‍ സുരേഷ് ഗോപി

0
33

കൊച്ചി: മലയാള സിനിമയില്‍ തനിക്കെതിരെ ഒതുക്കല്‍ ശ്രമങ്ങളുണ്ടെന്ന് ഗോഗുല്‍ സുരേഷ്. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നുവെന്നും തന്നെപ്പറ്റി മോശം വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ക്കൊക്കെ എന്നെത്തേടി വരാന്‍ മടിയായി എന്നും ഗോകുല്‍ പറയുന്നു.

പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. പുതുമയുള്ള എന്തെങ്കിലും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു.

എന്നാല്‍, പ്രതീക്ഷിച്ചതു പോലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടുമുണ്ട്. ആ സിനിമയുടെ പേര് ഞാന്‍ പറയില്ല. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോള്‍ത്തന്നെ ആ പടം ചെയ്യുന്നതു നിര്‍ത്തി.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരെല്ലാം സ്വന്തമായി സിനിമയിലെത്തി കാലുറപ്പിച്ചവരാണ്. അച്ഛനും അങ്ങനെത്തന്നെ. ആ ഒരു ഊര്‍ജം അവരുടെ ഇപ്പോഴത്തെ സിനിമകളില്‍പ്പോലുമുണ്ട്. അവരെപ്പോലെ, സ്വന്തം വഴിയിലൂടെ തന്നെ സിനിമയില്‍ നിലനില്‍ക്കണമെന്നാണു ഞാന്‍ വിചാരിക്കുന്നത്. എന്റെ സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്റെയോ പ്രൊമോഷന്റെയോ കാര്യത്തില്‍ അച്ഛന്‍ അങ്ങനെ ഇടപെടാറില്ലെന്നും ഗോകുല്‍ പറയുന്നു.

എന്റെ ആദ്യസിനിമ പോലും കഴിഞ്ഞമാസമാണ് അച്ഛന്‍ കണ്ടത്. കണ്ടിട്ട് പല തെറ്റുകളും പറഞ്ഞുതന്നു. ഇനിയും ഒരുപാട് ശരിയാക്കാനുണ്ട്. ഇര അച്ഛന്‍ കണ്ടിട്ടില്ല. പ്രേക്ഷകരുടെ അഭിപ്രായം നല്ലതാണെന്ന് അറിഞ്ഞതില്‍ അച്ഛന് സന്തോഷമുണ്ട്. വൈപ്പിന്‍കരയിലെ കൂട്ടുകാരന്റെ വീട്ടിനടുത്തുള്ള തിയറ്ററില്‍നിന്നാണ് ഞാന്‍ ഇര കണ്ടത്. മാസ്റ്റര്‍പീസ് കണ്ടതും ഇതേ തിയേറ്ററില്‍നിന്നു തന്നെ. ഈ തിയേറ്ററിലെത്തുന്നത് വേറൊരു ക്ലാസ് ഓഡിയന്‍സാണ്. അവരുടെ ഒരു വൈബ് അറിയാനാണ് വൈപ്പിനില്‍ത്തന്നെ സിനിമ കാണാന്‍ പോകുന്നതെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

അതേ സമയം താരം മുദ്ദുഗൗ എന്ന ചിത്രത്തിന് ശേഷം പ്രഖ്യാപിച്ച സിനിമയായിരുന്നു പപ്പു. ചിത്രത്തിനായി താരം ഗംഭീര മേക്കോവറും നടത്തിയിരുന്നു. എന്നാല്‍ ചിത്രത്തിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

Leave a Reply