Wednesday, January 22, 2025
Home BUSINESS എയര്‍ ഇന്ത്യയുടെ 100 % ഓഹരികളും വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യയുടെ 100 % ഓഹരികളും വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

0
30

 

ന്യൂദല്‍ഹി: തുടര്‍ച്ചയായ നഷ്ടത്തെ തുടര്‍ന്ന് പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചേക്കുമെന്ന് സൂചന. കുറച്ച് ഓഹരികള്‍ കൈവശം വച്ചുള്ള ഓഹരി വില്‍പ്പനാ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഓഹരി വാങ്ങാനായി ആരും മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. സര്‍ക്കാര്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇക്കാര്യത്തില്‍ പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ നിശ്ചിത ശതമാനം ഓഹരികള്‍ കയ്യില്‍ വെക്കുമെന്നല്ല അതിനര്‍ത്ഥമെന്നും ഗാര്‍ഗ് പറഞ്ഞു.

എയര്‍ ഇന്ത്യയുടെ നിലവിലെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. 48,000 കോടി രൂപയുടെ കട ബാധ്യതയുള്ള എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിറ്റഴിക്കാന്‍ നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഷെയറുകള്‍ വാങ്ങാന്‍ നിക്ഷേപകരെത്താത്തതിനാല്‍ സര്‍ക്കാരിന്റെ ഈ നീക്കം പരാജയപ്പെട്ടു.

കമ്പനിയുടെ ഉപ ബ്രാന്‍ഡുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ ഓഹരികളും വിറ്റഴിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ് എന്നിവ ഓഹരികള്‍ വാങ്ങിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും താല്‍പര്യപത്രം ക്ഷണിക്കുന്നതിന് മുന്‍പ് ഇരു കമ്പനികളും പിന്മാറി.

Leave a Reply