എറണാകുളം തൃക്കാക്കരയില്‍ രാത്രി നിയന്ത്രണം: തട്ടുകടകള്‍ ഉള്‍പ്പെടെ അടപ്പിക്കും

0
19

സംസ്ഥാനത്ത് നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെ എറണാകുളം തൃക്കാക്കരയില്‍ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ.

ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി മരുന്ന് വില്‍പന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് നഗരസഭ അറിയിച്ചു.

നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തല്ല് ചര്‍ച്ചയാകുന്നതിനിടെയാണ് തൃക്കാക്കരയില്‍ നിയന്ത്രണം വരുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെയുള്ളവ രാത്രി 11 ന് അടക്കാൻ തീരുമാനമായത്. വ്യാപാരി ഹോട്ടല്‍ സംഘടന പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ആറ് മാസത്തേക്കാണ് നിയന്ത്രണം. അടുത്ത നഗരസഭാ കൗണ്‍സിലില്‍ തീരുമാനം അംഗീകരിച്ച ശേഷം നടപ്പാക്കും.

ഇൻഫോ പാര്‍ക്കും സ്മാര്‍ട് സിറ്റിയും കളക്‌ട്രേറ്റും ഉള്‍പ്പെടുന്ന കാക്കനാടാണ് നിയന്ത്രണം ഏറെ ബാധിക്കുക. വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ടെക്കികളാണ് ജോലി ചെയ്യുന്നത്. കാക്കനാട് രാത്രി കടകള്‍ ഇല്ലാതാവുന്നതോടെ നെറ്റ് ലൈഫ് ഇല്ലാതാവുമെന്ന ആശങ്ക ടെക്കികള്‍ക്കുണ്ട്. നഗരസഭയും പൊലീസും കൈകോര്‍ത്ത് പുതിയ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതി. എന്നാല്‍ ഒരു വിഭാഗം വ്യാപാരികള്‍ക്കും പൊതുജനത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. വരും ദിവസങ്ങളില്‍ ഇത് ശക്തമാവാനാണ് സാധ്യത.

അതിനിടെ മാനവീയത്ത് നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ശിവയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ സ്വദേശിയെ ആക്രമിച്ചതും മറ്റൊരു യുവാവിനെ നിലത്തിട്ട് ആക്രമിച്ചതും ഒരേ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply