Saturday, October 5, 2024
HomeNewsKeralaഎസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ ‘ജയിച്ചു’, വിവാദമായപ്പോള്‍ ‘തോറ്റ’ മാര്‍ക്ക്‌ലിസ്റ്റ് കൊടുത്തു

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ ‘ജയിച്ചു’, വിവാദമായപ്പോള്‍ ‘തോറ്റ’ മാര്‍ക്ക്‌ലിസ്റ്റ് കൊടുത്തു

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്ത്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതാത്ത ആര്‍ഷോ വിജയിച്ചുവെന്നാണ് മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ ആദ്യം മാര്‍ക്ക് ലിസ്റ്റ് വെബ്സൈറ്റില്‍ നിന്ന് നീക്കുകയും പിന്നീട് തോറ്റു എന്ന് രേഖപ്പെടുത്തി പുതിയത് പ്രസിദ്ധീകരിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തുകയാണ് കെ.എസ്.യു. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് രണ്ട് മാസമായിട്ടും മാര്‍ക്ക് ലിസ്റ്റിലുണ്ടായിരിക്കുന്ന ഗുരുതരമായ പിഴവ് സാങ്കേതികമായി സംഭവിച്ചതാണെന്ന ന്യായീകരണം വിശ്വസിക്കാനാകുന്നില്ലെന്ന് കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍ ആരോപിക്കുന്നു. ഇത്രയധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എസ് എഫ് ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റില്‍ മാത്രം തിരുത്തു വന്നതിനെ സംശയിക്കുന്നുവെന്നും കൃഷ്ണലാല്‍ പറഞ്ഞു.
സംഭവം വിവാദമായിട്ടും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
ആര്‍ഷോ റിമാന്‍ഡില്‍ കഴിയുന്ന സമയത്താണ് മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ നടന്നത്. ഈ പരീക്ഷ ആര്‍ഷോ എഴുതിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഈ സെമസ്റ്ററിലെ മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പാസ്ഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം കെ എസ് യു വിവാദമാക്കിയതോടെ കോളേജ് പ്രിന്‍സിപ്പല്‍ ഇടപെട്ട് മാര്‍ക്ക് ലിസ്റ്റ് പിന്‍വലിക്കുകയും പിന്നീട് തിരുത്തി തോറ്റു എന്ന രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് പ്രസിദ്ധീകരിക്കുകയുമായിരുന്നു.
‘പാസ്ഡ്’ എന്ന് മാര്‍ക്ക് ലിസ്റ്റില്‍ ഉള്ളത് സാങ്കേതിക പിഴവ് എന്നാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്. മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന എന്‍ ഐ സി വെബ്സൈറ്റുമായി ബന്ധപ്പെട്ട് ചില തകരാറുകള്‍ ഉണ്ടെന്നാണ് കോളേജിന്റെ വിശദീകരണം. മാര്‍ക്ക് ലിസ്റ്റില്‍ അപാകതയുണ്ടായിരുന്നെങ്കില്‍ അക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നുവെന്നും എന്നാല്‍ അത്തരമൊരു നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments