എൻസിപിയിൽ അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ

0
3

തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടി രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിയുന്നത്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാൻ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.

​മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളി. ചാക്കോയോട് ശശീന്ദ്ര പക്ഷം നിസ്സഹകരണത്തിലായി. 18 ന് വിളിച്ച നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. ഇതോടെ യോഗം മാറ്റി. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതിൽ വാശി പിടിച്ചതാണ് പി സി ചാക്കോയ്ക്ക് വിനയായത്. അതേ തോമസ് കെ. തോമസ് മറുപക്ഷത്തിനൊപ്പം ചേര്‍ന്നു. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്‍റെ ഓഫര്‍. തോമസിനെ അധ്യക്ഷനാക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെടും. 

മന്ത്രിമാറ്റ നീക്കം പാളിയതിന്‍റെ അമര്‍ഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോരടിച്ചവര്‍ക്ക് കൈകോര്‍ത്ത് തനിക്കെതിരെ തിരിഞ്ഞതോടെയാണ് ചാക്കോയുടെ പടിയിറക്കം. ദേശീയ വര്ക്കിങ് പ്രസിഡന്റ് കൂടിയായി ചാക്കോയുടെ തുടര്‍ നീക്കങ്ങള്‍ സംസ്ഥാന എൻസിപിയിൽ നിര്‍ണായകമാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് എതിര്‍ ചേരിയുടെ ആരോപണം. ചാക്കോയ്ക്ക് എതിരെ കൈക്കൂലി ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്‍റ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി യോഗത്തിൽ ചാക്കോ പറഞ്ഞ ശബ്ദരേഖ പുറത്തു വരികയും ചെയ്തു.

Leave a Reply