തിരുവനന്തപുരം: തലസ്ഥാനത്ത് കരമനയിലും കൂടത്തായി മോഡൽ കൊലപാതകമോ? കരമന കാലടി കൂടത്തിൽ വീട്ടിലെ ഗൃഹനാഥമുൾപ്പെടെ ഏഴുപേരുടെ മരണമാണ് ബന്ധുക്കളുടെ സംശയത്തെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുനരന്വേഷിക്കുന്നത്. കൂടത്തിൽ കുടുംബാംഗങ്ങളായ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
അമ്പത് കോടിയുടെ സ്വത്ത് തട്ടിയെടുക്കാനായി ഇവരെ അപായപ്പെടുത്തിയതാണെന്ന ബന്ധുവിന്റെ സംശയമാണ് കേസ് പുനരന്വേഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. പരാതിയിൽ കരമന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. മരണങ്ങളിൽ ദുരൂഹതയുള്ളതായി ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. കൂടത്തായിയിലേതുപോലെ ഇവിടെയും ഒരാളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുവായ പ്രസന്നകുമാരിയാണ് പരാതി നൽകിയതെന്നാണ് സൂചന. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്.
അതേസമയം, കൂടത്തായി മോഡൽ എന്ന് വിശേഷിപ്പാനാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും ഡി.ജി.പി പറഞ്ഞു. ജില്ലാ ക്രെെംബ്രാഞ്ച് അസി. കമ്മീഷണർ സന്തോഷ് കേസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.