ഒരു ദിവസത്തെ ക്രിക്കറ്റിനായി ലോക നിലവാരമുള്ള സ്റ്റേഡിയം കുത്തിപ്പൊളിക്കരുത്: കെസിഐയ്‌ക്കെതിരെ റാഫി

0
211

കൊച്ചി സ്റ്റേഡിയത്തില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഒരുക്കുന്നതിനെതിരേ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ രംഗത്ത്. ഫിഫയുടെ അംഗീകാരമുള്ള സ്റ്റേഡിയം ഒരു ദിവസത്തെ ക്രിക്കറ്റിനായി മാത്രം വിട്ടുനല്‍കുന്നത് വേദനിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സ്‌ട്രൈക്കറും ഇപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിയുടെ താരവുമായ മുഹമ്മദ് റാഫി പറഞ്ഞു.

നവംബര്‍ ഒന്നിനാണ് ഇന്ത്യ- വിന്‍ഡീസ് ഏകദിനം. നവംബര്‍ മൂന്നാം വാരമാവുമ്പോഴേക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണും ആരംഭിക്കും. ഇത്രയും ദിവസത്തിനിടെ സ്റ്റേഡിയം ഫുട്‌ബോളിന് വേണ്ടി സജ്ജമാക്കാന്‍ കഴിയില്ല. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. പിന്നെന്തിനാണ് കോടികള്‍ ചെലവിട്ട് തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പണിതുയര്‍ത്തിയതെന്ന് റാഫി ചോദിച്ചു.

ക്രിക്കറ്റ് മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കട്ടെ. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൊച്ചിയും വേദിയാവട്ടെ. ഒരു ദിവസത്തെ ക്രിക്കറ്റിന് വേണ്ടി കലൂര്‍ സ്റ്റേഡിയത്തിലെ ലോക നിലവാരമുള്ള പ്രതലം കുത്തിപ്പൊളിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. മത്സരത്തിനായി ഗ്രൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഒരിക്കല്‍പോലും സ്റ്റേഡിയം തിരിച്ചു ലഭിക്കില്ല. അണ്ടര്‍ 17 ലോകകപ്പിന് കൂടുതല്‍ ആളുകളെ ഉള്‍ക്കൊണ്ട വേദികളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. വിദേശ ടീമുകളുടെ പരിശീലകരും താരങ്ങളും നല്ല അഭിപ്രായം പറഞ്ഞ സ്റ്റേഡിയം. ലോക മത്സരങ്ങള്‍ക്ക് കൊച്ചി ഇനിയും വേദിയാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെങ്കില്‍ ഇനിയൊരിക്കലും ഇത്തരമൊരു സ്റ്റേഡിയം നമുക്ക് ലഭിക്കില്ലെന്നും റാഫി പറഞ്ഞു.

ഐഎസ്എല്‍ കിരീടം നേടിയ ശേഷം ചെന്നൈയിലെത്തിയ റാഫി ഇന്നലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. 24ന് സൂപ്പര്‍ കപ്പിനുള്ള ചെന്നൈയിന്‍ എഫ്‌സിയുടെ ക്യാംപില്‍ ചേരുമെന്നും ടൂര്‍ണമെന്റിനായി ഭുവനേശ്വറിലേക്ക് തിരിക്കുമെന്നും റാഫി അറിയിച്ചു.

Leave a Reply