Saturday, November 23, 2024
HomeFOODഓണ സദ്യ ഒരുക്കാം

ഓണ സദ്യ ഒരുക്കാം

കാളന്‍

ചേരുവകള്‍
ഏത്തക്കായ –     100 ഗ്രാം
ചേന –     100 ഗ്രാം
പച്ചമുളക് –     25 ഗ്രാം
കറിവേപ്പില –     രണ്ടു തണ്ട്
തൈര് –     ഒരു ലിറ്റര്‍
നെയ്യ് –     ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി –     ഒരു സ്പൂണ്‍
ഉപ്പ് –     ആവശ്യത്തിന്
തേങ്ങ–     ഒരു മുറി
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
ഉലുവപ്പൊടി –    1/2 ടീസ്പൂണ്‍
ജീരകപ്പൊടി –    ഒരു ടീസ്പൂണ്‍
കടുക് –     50 ഗ്രാം
വറ്റല്‍മുളക് –    5 എണ്ണം
വെളിച്ചെണ്ണ –     30 മില്ലി

തയാറാക്കുന്ന വിധം
ഏത്തക്കായ തൊലികളഞ്ഞ് നടുവേ പിളര്‍ന്ന് അര ഇഞ്ച് കനത്തില്‍ അരിയണം. ചേന ചെത്തി ചെറുതായി അരിഞ്ഞ് കഴുകി രണ്ടും കൂടി മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകു പൊടി, ഉപ്പ്, ഇവ ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത കഷണങ്ങളില്‍ നെയ്യ് ചേര്‍ത്ത് വരട്ടുക. വെള്ളം വറ്റിയാല്‍ തൈര് ഒഴിച്ച് തിളപ്പിച്ച് വറ്റിക്കണം. തേങ്ങ ജീരകപ്പൊടി പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ച് വറ്റല്‍ മുളകും കറിവേപ്പിവയും ചേര്‍ത്ത് കടുക് വറുത്ത് ഇടുക. മീതേ ഉലുവാപ്പൊടി തൂകുക.

ഓലന്‍

ചേരുവകള്‍

ഇളവന്‍ –     രണ്ടു കിലോ
വന്‍പയര്‍ –     100 ഗ്രാം
ഉപ്പ് –     ആവശ്യത്തിന്
വെളിച്ചണ്ണ –     25 മില്ലി
തേങ്ങ –     ഒന്ന്
തയാറാക്കുന്ന വിധം

ഇളവന്‍ തൊലി ചെത്തി വൃത്തിയാക്കി ഒരിഞ്ചു വലുപ്പത്തില്‍ കനം കുറച്ചരിഞ്ഞ് വേവിക്കുക. വന്‍പയര്‍ പ്രത്യേകം വേവിച്ചു വയ്ക്കുക. ഇളവന്‍ തേങ്ങയുടെ രണ്ടാംപാലില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ഉപ്പും വന്‍ പയറും ചേര്‍ത്ത് അണച്ച് വെളിച്ചെണ്ണ ചേര്‍ത്ത് വിളമ്പാം.

പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍

നന്നായി പഴുത്ത കൈതച്ചക്ക ഒന്ന്
പഞ്ചസാര –     200 ഗ്രാം
തൈര് –     ഒരു തവി
മഞ്ഞള്‍പ്പൊടി –     ഒരു ടീസ്പൂണ്‍
അരിപ്പൊടി –     രണ്ട് സ്പൂണ്‍
നാളികേരം –     ഒന്ന്
പച്ചമുളക് –     രണ്ട് എണ്ണം
കടുക് –     ഒരു ടീസ്പൂണ്‍
ഉപ്പ് –     ആവശ്യത്തിന്
വറ്റല്‍ മുളക് –     3
കറിവേപ്പില –     രണ്ടു തണ്ട്
വെളിച്ചെണ്ണ –     രണ്ടു ടൂസ്പൂണ്‍

തയാറാക്കുന്ന വിധം

കൈതച്ചക്ക തൊലികളഞ്ഞ് കൊത്തിയരിഞ്ഞ് വേവിക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കണം. വെള്ളം വറ്റുന്നതുവരെ ഇളക്കണം.
തൈരില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലക്കി ഒഴിക്കണം. ഒരു മുറി നാളികേരം പച്ചമുളകം കടുകും ചേര്‍ത്ത് അരച്ച് പച്ചടിയില്‍ ചേര്‍ക്കണം.
ബാക്കിയാവുന്ന നാളികേരം പിഴിഞ്ഞുകിട്ടുന്ന ഒന്നാം പാല്‍ ഒഴിക്കുക. കടുകും വറ്റല്‍മുളകും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ വരുത്തിടുക.
പാവയ്ക്കാ കിച്ചടി

ചേരുവകള്‍

പാവയ്ക്ക –     200 ഗ്രാം
പച്ചമുളക് –     ആവശ്യത്തിന്
തൈര് –     1/2 ലിറ്റര്‍
വെളിച്ചെണ്ണ –     10 ഗ്രാം
കടുക് –     25 ഗ്രാം
മുളക് –     3 എണ്ണം
തയാറാക്കുന്ന വിധം
പാവയ്ക്ക കഴുകി ചെറിയ കനത്തില്‍ വട്ടത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് പൊടിച്ച് തൈരില്‍ ഇട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് കടുക് വറുത്തിടുക.

മത്തങ്ങാ എരിശ്ശേരി

ചേരുവകള്‍

മത്തങ്ങ –     ഒരു കിലോഗ്രാം
വന്‍പയര്‍ –     100 ഗ്രാം
മഞ്ഞള്‍പ്പൊടി –     ഒരു സ്പൂണ്‍
മുളകുപൊടി –     ഒരു സ്പൂണ്‍
ഉപ്പ് –     ആവശ്യത്തിന്
കുരുമുളകുപൊടി –     ഒരു സ്പൂണ്‍
കടുക് –     25 ഗ്രാം
മുളക് –     3 എണ്ണം
കറിവേപ്പില –     രണ്ടു തണ്ട്
വെളിച്ചെണ്ണം –     50 മില്ലി
ജീരകപ്പൊടി –     ഒരു സ്പൂണ്‍
തേങ്ങ –     ഒരെണ്ണം
തയാറാക്കുന്ന വിധം
മത്തങ്ങ നന്നാക്കി മുക്കാല്‍ ഇഞ്ച് വലുപ്പത്തില്‍ നുറുക്കിയെടുക്കുക. ഇവ കഴുകി മഞ്ഞള്‍പ്പൊടി, മുളകു പൊടി, കുരുമുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക.
ഇതില്‍ വന്‍പയര്‍ വേവിച്ച് ചേര്‍ക്കുക. അതിന് ശേഷം ഒരു തേങ്ങയുടെ മൂന്നിലൊന്ന് അരച്ചുചേര്‍ക്കണം. ബാക്കി ഞെരടി വെളിച്ചെണ്ണയില്‍ വറുക്കണം.
നന്നായി ചുവന്നാല്‍ വെന്ത കഷ്ണം ചേര്‍ക്കാം. കടുക് വറവിട്ട് ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കുക.
onam-5

മാങ്ങാക്കറി

ചേരുവകള്‍
പച്ചമാങ്ങാ –     500 ഗ്രാം
മുളക് പൊടി –     75 ഗ്രാം
ഉപ്പ് –     ആവശ്യത്തിന്
കായപ്പൊടി –     10 ഗ്രാം
ഉലുവപ്പൊടി –     10 ഗ്രാം

തയാറാക്കുന്ന വിധം
പച്ചമാങ്ങാ കഴുകി ചെറുതായി അരിയണം. മറ്റു ചേരുകവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

അവിയല്‍

ചേരുവകള്‍

ഏത്തക്കായ –     200 ഗ്രാം
ചേന –     200 ഗ്രാം
മുരിങ്ങക്കായ –     250 ഗ്രാം
പടവലങ്ങ –     250 ഗ്രാം
വെള്ളരിക്ക –     400 ഗ്രാം
പച്ചമുളക് –     50 ഗ്രാം
അച്ചിങ്ങാ പയര്‍ –     250 ഗ്രാം
വഴുതിനങ്ങ –     250 ഗ്രാം
കറിവേപ്പില –     50 ഗ്രാം
മഞ്ഞള്‍പ്പൊടി –     ഒരു സ്പൂണ്‍
മുളക്‌പൊടി –     ഒരു സ്പൂണ്‍
ജീരകപ്പൊടി –     രണ്ടു സ്പൂണ്‍
ഉപ്പ് –     ആവശ്യത്തിന്
തേങ്ങ –     ഒരെണ്ണം
വെളിച്ചെണ്ണ –     50 മില്ലി

തയാറാക്കുന്ന വിധം
പച്ചക്കറികള്‍ ഒരു ഇഞ്ച് നീളത്തില്‍, കാല്‍ ഇഞ്ച് വീതിയില്‍ അരിഞ്ഞ് കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, പച്ചമുളക് കീറിയത്, ഇവ ചേര്‍ത്തു വേവിക്കണം. തേങ്ങ ജീരകപ്പൊടി ചേര്‍ത്ത് അരച്ചു ചേര്‍ക്കണം. തീയണച്ച ശേഷം കറിവേപ്പില ചേര്‍ത്ത് മുകളില്‍ വെളിച്ചെണ്ണ തൂകി വാങ്ങി വിളമ്പാം.

പായസം രണ്ട് തരം

പാലടപ്രഥമന്‍

ചേരുവകള്‍
അട –     125 ഗ്രാം
പാല്‍ –     രണ്ടര ലിറ്റര്‍
പഞ്ചസാര –     500 ഗ്രാം
ഏലയ്ക്ക പൊടിച്ചത് –     ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം

ഉരുളിയില്‍ അടയും പാലും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി ഇളക്കിക്കൊടുക്കണം.
അട വെന്ത് പാകമാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വാങ്ങാം.
ചക്കപ്പായസം

ചേരുവകള്‍
പഴുത്ത ചക്കച്ചുള – 500 ഗ്രാം
പഞ്ചസാര – 250
നെയ്യ് – 50 ഗ്രാം
തേങ്ങ – രണ്ടെണ്ണം
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
മുന്തിരി – 50 ഗ്രാം

തയാറാക്കുന്ന വിധം
പഴുത്ത ചക്കച്ചുള ആവിയില്‍ വെച്ച് അഞ്ചുമിനിറ്റ് പുഴുങ്ങി എടുക്കുക. തണുത്തതിന് ശേഷം മിക്‌സിയില്‍ അരച്ച് പള്‍പ്പ് എടുക്കുക. കണ്ണകലമുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. ആ പള്‍പ്പും പഞ്ചസാരയും ചേര്‍ത്ത് അടുപ്പത്ത് വച്ച് നന്നായി ഇളക്കുക. പാത്രത്തില്‍ ഉരുണ്ടുവരുമ്പോള്‍ നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാ പാല്‍ ചേര്‍ക്കുക. ഇളക്കികൊണ്ടിരിക്കുക. തിളച്ചുവരുമ്പോള്‍ ഒന്നനാം പാല്‍ ചേര്‍ത്ത് ഇറക്കിവയ്ക്കുക. അതിലേക്കു കശുവണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, എന്നിവ വറുത്തുചേര്‍ക്കുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments