കടമക്കുടിയിലെ സൂര്യോദയവും, കാക്കത്തുരുത്തിലെ അസ്തമയവും

0
40

by;shyam raj

മുൻകൂട്ടി പ്ലാൻ ചെയ്ത മുള്ളി വഴി ഊട്ടി Bullet trip എട്ടുനിലയിൽ പൊട്ടി. ഇതും കൂട്ടി മൂന്നാമത്തെ തവണയാണ് ഈ റൂട്ട് പ്ലാൻ ചെയ്തിട്ടു നടക്കാതെ പോകുന്നത്. ഇനി മുന്നിൽ ഉള്ളത് ശിവരാത്രി അവധി(Feb 13) മാത്രമാണ്. പക്ഷെ എങ്ങോട്ട് പോകും എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല.

നിരാശ മൂത്ത് അലസതയോടെ മുഖപുസ്തകത്തിൽ തോണ്ടി കൊണ്ടിരുന്നപോൾ ആരോ post ചെയ്ത കടമക്കുടിയുടെ ഫോട്ടോസ് കണ്ടത്. പെട്ടന്ന് Bulb മിന്നി. എറണാകുളത്താണെങ്കിലും ഇതുവരെ പോകാൻ ഒത്തിട്ടില്ല. എന്നാപ്പിന്നെ അങ്ങോട്ട്‌ വച്ചു പിടിക്കാം. പക്ഷേ ഒരു ഫുൾ ദിവസം അവിടെ തന്നെ കളയാൻ പറ്റില്ലല്ലോ. അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ Bulb ഒന്നുടെ മിന്നി. “കാക്കത്തുരുത്തിലെ സൂര്യാസ്തമയം”.

സാക്ഷാൽ National Geographic Channel ന്റെ “Around the World in 24hrs” ലിസ്റ്റിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ഒരേ ഒരു സ്ഥലം. അതായത് 24 മണിക്കൂർ കൊണ്ട് ഒരാൾ ലോകം ചുറ്റിയാൽ 6മണിക്ക് ഇവിടെ വന്നു സൂര്യാസ്തമയം കാണണം.

കായലിനെ സാക്ഷിയാക്കി സൂര്യൻ ആകാശച്ചെരുവിൽ ചെഞ്ചായം പൂശി വിട പറയുന്ന കാഴ്ചയാണ് ഇവിടുത്തെ പ്രതേകത. 2016ൽ ഈ ന്യൂസ്‌ കേട്ടപ്പോൾ മുതൽ മനസ്സിൽ കയറിക്കൂടിയ ആഗ്രഹം ആണ് അങ്ങോട്ടുള്ള യാത്ര എന്നാപ്പിന്നെ അതും നടത്തിക്കളയാം. ഗൂഗിളിന്റെ കൂട്ട് പിടിച്ച് അത്യാവശ്യം details ഒക്കെ മനസിലാക്കി വച്ചു.

Feb 13
ആദ്യം പ്ലാൻ ചെയ്തത് കടമക്കുടി ആണ്. കൂടെ വരാം എന്നേറ്റ കൂട്ടുകാർ “മഹാന്മാർ” nice ആയിട്ട് മുങ്ങി. പക്ഷെ അതുകൊണ്ടൊന്നും നുമ്മ പിന്നോട്ടില്ല Solo എങ്കിൽ solo. ആദ്യമായാണ് ഒറ്റയ്ക്ക് കറങ്ങാൻ പോണത്. അതിന്റെ thrill കൂടി ഉണ്ട്. വളരെ അടുത്തയത് കൊണ്ട് പകൽ 8.30ക്ക് ആണ് ഇറങ്ങിയത്. ഗൂഗിൾ മാപ്പ് set ചെയ്ത് Container road വഴി bike മെല്ലെ ഓടി തുടങ്ങി. ഈ വഴിയിലും അടിപൊളി കാഴ്ചകൾ ഉണ്ട്. ചെറിയ തുരുത്തുകളും കായലും ഒക്കെയായി ഭംഗി ഉള്ള കാഴ്ചകൾ.

Google ചേച്ചി പറഞ്ഞതനുസരിച്ചു ഞാൻ Container റോഡിൽ നിന്ന് deviate ചെയ്ത് ഒരു ഇടുങ്ങിയ road വഴി ഉള്ളിലോട്ടു പോയി. നേരെ ചെന്ന് നിന്നത് ഒരു കടവിൽ ആണ്. കടത്തു കടന്നു അറിയാത്ത ഏതോ നാട്ടിൽ കൂടി ഒരു ഇടുങ്ങിയ വഴിയേ മുന്നോട്ടു പോയി. പെട്ടന്ന് വഴി അവസാനിച്ചു മുന്നിൽ വെള്ളക്കെട്ടുകൾ മാത്രം. Google map ചതിച്ചാശാനേ. തിരിച്ചു പോയി ആദ്യം കണ്ട ജംഗ്ഷനിൽ നിന്ന നാട്ടുകാരോട് ചോദിച്ചു ശെരിയായ വഴി മനസ്സിലാക്കി. അതും നല്ല രസമുള്ള വഴി ആയിരുന്നു. വെള്ളകെട്ടുകൾക്ക് നടുവിലൂടെ ഒരു ചെറിയ road. അതാ വീണ്ടും ഒരു കടത്തു ഇവിടെ നിന്നാൽ അപ്പുറത്തെ കരയിൽ കടമക്കുടി കാണാം. 4rs കൊടുത്തു ജങ്കാർ കയറി അപ്പുറത്തെത്തി.

 

“കടന്നാൽ കുടുങ്ങി” അഥവാ കടമക്കുടി എന്ന സുന്ദര ഭൂമിയിലേക്ക്. എറണാകുളത്തിന്റെ കുട്ടനാട് എന്നും വിളിക്കാം. ആ പേര് എത്ര ശെരിയാണ്, ചെന്നാൽ തിരിച്ചു പോരാൻ തോന്നുല്ല. കുട്ടനാടിനോട് കിടപിടിക്കുന്ന ഭൂ പ്രകൃതി. ഏക്കറു കണക്കിന് ചെമ്മീൻ കെട്ടുകളും ചീനവലയും ചെറിയ തോടുകളും, ചെമ്മീൻ കെട്ടുകളിൽ hunting നടത്തുന്ന കൊക്കുകളും ദേശാടന പക്ഷികളും നീർകാക്കളും പരുന്തും ഒക്കെ കൂടി ഒരു കൊച്ചു സുന്ദരി. വന്നത് നഷ്ടമായില്ല. Bike ഒരു വഴിയരികിൽ park ചെയ്ത് നേരെ പ്രകൃതിയിലേക്ക് ഇറങ്ങി. പക്ഷേ പോയ സമയം തെറ്റിപ്പോയി. നല്ല ഉഗ്രൻ വെയിൽ.

കാറ്റു പോയിട്ടു ഒരു ഇല പോലും അനങ്ങുന്നില്ല. ഈ സമയം ഞാൻ അല്ലാണ്ട് വേറെ ഒരു സഞ്ചാരിയും ഇല്ല. എങ്കിലും പിന്നോട്ടില്ല, വെയിലും കൊണ്ട് പല സ്ഥലത്തും പോയി ചിറകളിലൂടെ നടന്നു photos എടുത്തു. നന്നായി വിയർക്കുകയും ചെയ്തു ഒരു സർബത്തു കുടിക്കാൻ പോലും അടുത്ത് കട ഇല്ല. അടുത്ത് ഷാപ്പുണ്ട് നല്ല കള്ളും ഫുഡും കിട്ടും പക്ഷെ ഒറ്റക്കായതു കൊണ്ട് അങ്ങോട്ട്‌ പോവാൻ തോന്നിയില്ല. നല്ല ഫ്രെയിം ആണ് എവിടെയും പക്ഷെ നല്ലപോലെ വെയിൽ കൊള്ളേണ്ടി വന്നു. അല്ലേലും നമുക്ക് എന്തു വെയിൽ എന്തു മഴ.

ഫോട്ടോയെടുപ്പിനിടെ വിശ്രമിക്കാനായി ഒരു ചീനവലയുടെ അരികെ കണ്ട തെങ്ങിൻ ചുവട്ടിൽ നിക്കുമ്പോഴാണ് ഒരു നാട്ടുകാരൻ ചേട്ടൻ വന്നു എന്നോട് സംസാരിക്കുന്നത്. അതു ഒരു turning point ആയി.
ചേട്ടന്റെ വാക്കുകൾ – “ഇവിടെ വരാൻ പറ്റിയ സമയം സൂര്യോദയം കാണാനും വൈകുന്നേരങ്ങളിലും ആണ്”. അതു കേട്ടപ്പോഴേ എന്തു വന്നാലും നാളെ ഇവിടെ വന്നു സൂര്യോദയം കാണും എന്ന് മനസ്സിൽ ഉറപ്പിച്ചു.
പറ്റി പോയി ചേട്ടാ, ഇത് ആരെങ്കിലും ഒന്ന് ഉറക്കെ കരഞ്ഞിരുന്നേൽ എന്ന് ആത്മഗതം പറഞ്ഞു. ഏകദേശം 2മണിക്കൂർ അവിടെ ചിലവിട്ടു തിരികെ റൂമിലേക്ക്‌ പൊന്നു. അടുത്ത ലക്ഷ്യം കാക്കത്തുരുത്തിലെ സൂര്യാസ്തമയം.

വൈകിട്ട് 3.30 കഴിഞ്ഞു റൂംമേറ്റിനേം(Divin) കൂട്ടി അങ്ങോട്ട്‌ വിട്ടു. എറണാകുളത്തു നിന്ന് ആലപ്പുഴ പോണ റൂട്ടിൽ(NH 47) എരമല്ലൂർ Moham Hospital നു opposite കാണുന്ന ടാർ ചെയ്ത road ൽ കൂടി പോയാൽ മതി. ഏകദേശം 1km കഴിഞ്ഞു road അവസാനിക്കുന്നത് ഒരു കടവിൽ ആണ്. കടവിൽ വള്ളം ഉണ്ട്.

“എങ്ങോട്ടാ?” വള്ളത്തിൽ കയറി ഇരുന്നപ്പോൾ കടത്തുകാരൻ(Asokan) ചോദിച്ചു. Locals അല്ലെന്നു ചേട്ടന് മനസ്സിലായിക്കാണും.

കാക്കാത്തുരുത്തിലോട്ടാ അസ്തമയം കാണാൻ. ഞാൻ മറുപടി കൊടുത്തു

“4മണി ആയുള്ളൂ അസ്തമയത്തിനു ഇനിയും സമയം ഉണ്ട്. നിങ്ങൾ 5.30ക്ക് വന്നാൽ മതിയാരുന്നു. അതും തുരുത്തിൽ നിന്നാൽ നന്നായി കാണാൻ പറ്റുല്ല. കായലിൽ തന്നെ പോണം അതും വള്ളത്തിൽ. ചേട്ടന്റെ മറുപടി.

ശ്ശെടാ ഇനി എങ്ങനെ സമയം കളയും. തിരിച്ചു പോകാനും വയ്യ.
ഇനി ഒറ്റ വഴി ഉള്ളു കാക്കാത്തുരുത്തു എന്ന കൊച്ച് ദ്വീപിൽ സമയം കളയുക.

അശോകൻ ചേട്ടൻ കാര്യങ്ങൾ എല്ലാം ഏറ്റു. നമ്പർ തന്നിട്ട് നിങ്ങൾ തിരികെ വരുമ്പോൾ വിളിച്ചാൽ മതി വള്ളത്തിൽ കൊണ്ടുപോയി അസ്തമയം കാണിക്കാം എന്ന് പറഞ്ഞു ഞങ്ങളെ കാക്കത്തുരുത്തിൽ ഇറക്കി. കടത്തു കൂലി ഒരാൾക്ക് 10rs.

“കാക്കത്തുരുത്ത്.”
കാക്കകൾ ചേക്കേറുന്ന തുരുത്ത് അങ്ങനെ ആണ് ആ പേരു കിട്ടിയത്. ആകെ 1km വീതിയും 3km നീളവും ഉള്ള ഒരു കൊച്ചു ദ്വീപ്. പരിമിതമായ സാഹചര്യത്തിലും പരാതി ഇല്ലാതെ ജീവിക്കുന്ന നന്മയുള്ള നാട്ടുകാർ. ആകെ മുന്നൂറോളം കുടുംബങ്ങൾ. Tar ചെയ്ത road പോലുമില്ല. തുരുത്തിനോളം പ്രായം ഉള്ള കടത്തുവള്ളങ്ങളും. ആകെയുള്ള വികസനം പാലം പണിയാനായി കായലിൽ നാട്ടിയ cement തൂണുകൾ മാത്രം. പിന്നെ ഒരു അംഗൻവാടിയും ഒരു ആയുർവേദ ആശുപത്രിയും(കടപ്പാട് Google).
ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച സ്ഥലം തന്നെയോ എന്ന് വേദനയോടെ ആർക്കും തോന്നും. അധികാരികൾ ഇനി എന്നാണോ കണ്ണു തുറക്കുന്നത്.

പുറംലോകവുമായി ബന്ധപ്പെടാൻ കടത്തു വള്ളങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയുടെ വികസന സ്വപ്നങ്ങളിലേക്ക് അധികാരികളുടെ കണ്ണെത്തിക്കാൻ നമ്മൾ സഞ്ചാരികൾക്കു സാധിക്കും. ഒരു പാലമെങ്കിലും വരാൻ കഴിഞ്ഞാൽ അത്രയുമായി.

അപ്പൊ നുമ്മ നടക്കാൻ തുടങ്ങി ഒട്ടും പരിചയമില്ലാത്ത വഴിയും സ്ഥലവും. മുന്നിൽ കണ്ട ഇടുങ്ങിയ നാട്ടുവഴിയിലൂടെ തുരുത്തിന്റെ ഉള്ളിലേക്ക്. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു മാറി വല്ലാത്ത ശാന്തത ഒളിപ്പിച്ചുവച്ചിരിക്കുന്നൊരിടം. അതങ്ങനെ വേണമല്ലോ, ചെല്ലുന്ന സ്ഥലത്തിന്റെ ആത്മാവിലൊട്ടു ഇറങ്ങി ചെല്ലുമ്പോൾ ആണല്ലോ നമ്മുടെ യാത്രക്ക് അർത്ഥം ഉണ്ടാവു.

നടന്ന വഴി ചെറിയ ഒരമ്പലത്തിന്റെ മുന്നിൽ അവസാനിച്ചു. എന്തെങ്കിലും ചോദിക്കാമെന്ന് വച്ചാൽ പുറത്ത് ഒരു മനുഷ്യജീവിയെപ്പോലും കാണുന്നില്ല. അമ്പലത്തിനരികെ ഒരു ഫുട്ബോൾ മൈതാനം അങ്ങോട്ടേക്ക് നടന്നു. കളിക്കാനായി കുറച്ച് കുട്ടികൾ ഉണ്ട്. ഞങ്ങളെ കണ്ടപ്പോൾ തന്നെ കുശലം ചോദിച്ചു അടുത്തുകൂടി. മൈതാനത്തിനു അരികെ ഉള്ള വഴി പോയാൽ നല്ല വ്യൂ കിട്ടും എന്ന് തുരുത്തിലെ മെസ്സിക്കുട്ടപ്പന്മാർ പറഞ്ഞു. തിരികെ വരാം എന്ന് പറഞ്ഞു ആ വഴി വച്ചു പിടിച്ചു.

വഴി ഒരു കൊച്ചു കാടിന്റെ നടുവിലൂടെ ആണ്. 50മീറ്റർ പോലും ദൂരം ഉണ്ടാവില്ലങ്കിലും വഴിനീളെ മുട്ടോളം വളർന്നു നിൽക്കുന്ന കാട്ടുചെടികളും വലിയ മരങ്ങളും കൂടി ഏതോ റിസേർവ് വനം ആണെന്ന് തോന്നും. ഈ തുരുത്തിൽ ഇങ്ങനെ ഒരു കാഴ്ച തീരെ പ്രതീക്ഷിച്ചില്ല.

നടന്നു തുരുത്തിന്റെ ഒരറ്റത്താണ് ചെന്നെത്തിയത്. വേമ്പനാട് കായലിന്റെ നല്ല വ്യൂ ഉണ്ട്. ദൂരെ തെങ്ങിൻ തലപ്പുകൾ അതിർത്തി തീർത്തു വേമ്പനാട് കായൽ അങ്ങനെ പരന്നു കിടക്കുന്നു. ശെരിക്കും വേമ്പനാട് കായലിന്റെ വലിപ്പം അത്ഭുതപ്പെടുത്തും. ഞങ്ങൾ ഏതോ അന്യഗ്രഹ ജീവികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മത്സ്യകൃഷിക്കായി കെട്ടിയുണ്ടാക്കിയ മൺ ചിറകൾക്കു മീതെ നടന്നു പല ആംഗിളിൽ photo എടുത്തു.

തിരികെ ചെന്നപ്പോളേക്കും ഗ്രൗണ്ടിൽ മെസ്സിക്കുട്ടപ്പന്മാർ കളി തുടങ്ങി. Football ഭ്രാന്തൻ ആയ Divin അവരുടെയൊപ്പം കളിക്കാൻ കൂടി. ഞാൻ ഗാലറിയിലും. കളി അതിന്റെ ആവേശത്തിലേക്ക്. രണ്ടു ഗോളും. അല്ലേലും ഗ്രാമങ്ങളിലെ പിള്ളേർക്ക് എന്തോന്ന് Mobile game. ഞാനും ആ കളി ആസ്വദിച്ചു ഇരുന്നു കണ്ടു.

വന്ന ലക്ഷ്യം ഇതൊന്നും അല്ലല്ലോ. അഞ്ചര മണി ആകാറായപ്പോൾ കുട്ടികളോട് bye പറഞ്ഞു തിരികെ കടവിലേക്ക് നടന്നു. പോസ്റ്റ്‌ ആവേണ്ടി വന്നില്ല ചെന്നപ്പോൾ തന്നെ അശോകൻ ചേട്ടൻ ആളെ ഇറക്കാൻ വരുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ ആ കാഴ്ച കാണാൻ പോകുകയാണ് സൂർത്തുക്കളെ. മൂളിപ്പാട്ട് പാടിയും വർത്തമാനം പറഞ്ഞും കായലിലൂടെ തോണി തുഴഞ്ഞു. Divinഉം ആവേശം മൂത്ത് ഏറ്റവും മുന്നിൽ ഇരുന്നു തുഴയാൻ തുടങ്ങി.

6.30 ആയപ്പോൾ പതിയെ സൂര്യൻ താണ് തുടങ്ങി. മഞ്ഞു മേഘങ്ങൾ കാഴ്ചക്ക് തടസം ആയെങ്കിക്കും സൂര്യൻ ഒരു ചുവന്ന പൊട്ടുപോലെ തെങ്ങിൻ തലപ്പുകൾക്ക് മീതെ ഭൂമിയോട് വിട പറയുന്നത് ആസ്വദിച്ചു കണ്ടു.

അസ്തമയം പലതും കണ്ടിട്ടുണ്ടെലും ഇങ്ങനെ ഒരു ദർശനം ആദ്യം. കാക്കത്തുരുത്തിലെ അസ്തമയ സൂര്യന്റെ ദീപ്ത സൗന്ദര്യം അതിന്റെ പൂർണതയിൽ ആസ്വദിക്കണമെങ്കിൽ ഈ ചെറു വള്ളത്തിൽ കയറി കായലോളങ്ങളുടെ തൊട്ടിലാട്ടം ഏറ്റുവാങ്ങി കായലിന്റെ നടുക്ക് ഇരുന്നു കാണണം. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒന്നാവും ഇത്. ചുമ്മാതല്ല ഇവിടം ലോക ടൂറിസം ഭൂപടത്തിൽ കയറിപറ്റിയത്.

പക്ഷെ അജ്ഞത കൊണ്ടാവും ഞങ്ങൾ അല്ലാതെ വേറെ ആരും ഈ കാഴ്ച കാണാൻ അവിടെ ഇല്ല. ഇടക്ക് സായിപ്പന്മാർ അസ്തമയം കാണാൻ വരാറുണ്ടെന്ന് അശോകൻ ചേട്ടൻ. കുറച്ചു ഫോട്ടോസും കാണിച്ചു. അല്ലേലും നമുക്ക് ആണ് ഇതൊന്നും കാണാൻ സമയം ഇല്ലാത്തത്. സായിപ്പന്മാർ തേടിപ്പിടിച്ചു വരും.

സൂര്യൻ മറഞ്ഞതും തിരികെ തുഴഞ്ഞു കടവിൽ വന്നു. അശോകൻ ചേട്ടൻ 500 ചോദിച്ചെങ്കിലും 300rs കൊടുത്തു ചേട്ടനെ യാത്രയാക്കി. ഞങ്ങൾ തിരികെ റൂമിലേക്കും.

ഇവിടെ തീർന്നില്ല…നേരത്തെ പറഞ്ഞത് പോലെ പിറ്റേന്ന് കടമക്കുടിയിൽ പോണം സൂര്യോദയം കാണാൻ. എന്നാലല്ലേ Title ശെരിയാകൂ. അതാ ആദ്യമേ പറഞ്ഞത് അല്പം തലതിരിഞ്ഞ യാത്രയാണെന്ന്. കൗതുകം ലേശം കൂടുതലാ.

പിറ്റേന്ന് കൊച്ചി ഉണരും മുന്നേ ഞാൻ ഉണർന്നു. മൂടിപ്പുതച്ചു കിടന്ന ഡിവിന്റെ മൂലമറ്റം നോക്കി ഒരെണ്ണം കൊടുത്തു അവനേം എണീപ്പിച്ചു. നേരിയ തണുപ്പും കൊണ്ട് 6മണി ആയപ്പോ കടമക്കുടി എത്തി. ഇനിയും സമയം ഉണ്ട് സൂര്യൻ ഉദിക്കാൻ. നല്ല ഒരു സ്ഥലം നോക്കി നിലയുറപ്പിച്ചു.

6.30 ആയപ്പോ ആകാശത്തിനു ചുവന്ന നിറം കൂടി വന്നു. ഇന്നലെ വിടപറഞ്ഞു പോയ സൂര്യൻ തല പൊക്കി. വെള്ളകെട്ടുകൾക്ക് മീതെ സൂര്യകിരണങ്ങൾ പതിച്ചു തുടങ്ങി. അപ്പോൾ പോയ ഒരു വിമാനം ആകാശത്തിൽ വെള്ള കീറിയ ഒരടയാളം ബാക്കി വച്ചു. എല്ലാംകൊണ്ടും ഒരടിപൊളി sunrise. ദിവസം മുഴുവൻ ഒരു Positive energy തരാൻ കഴിയുന്ന ഒരു കാഴ്ച.

ഇതിനു മുന്നേ കാത്തുനിന്നു സൂര്യോദയം കണ്ടത് മുന്നാറിലെ കൊളുക്കുമലയിൽ ആണ്. സമതലത്തിൽ നിന്ന് ആദ്യമായാണ് സൂര്യോദയം കാണുന്നത്. Divin ജീവിതത്തിൽ ആദ്യമായാണ് സൂര്യോദയം തന്നെ കാണുന്നത്.

ഫോട്ടോയും എടുത്തു ഒരു ചായകുടിയും കഴിഞ്ഞു 8മണിയോടെ തിരികെ പൊന്നു… പോകാൻ മനസ്സുണ്ടായിട്ടല്ല ജോലിക്ക് പോണം അതാ.
കണ്മുന്നിൽ ഇത്രേം നല്ല സ്ഥലങ്ങൾ ഉള്ളപ്പോൾ അതൊന്നും കാണാതെ നേരെ ഊട്ടിക്കോ മൂന്നാർക്കോ വച്ചുപിടിക്കുന്നവരാണ് നമ്മളിൽ പലരും. National Geograpich Channel list ൽ ഉള്ള കാക്കത്തുരുത്തു പോലും എത്ര പേർക്ക് അറിയാം എന്നറിയില്ല. പക്ഷെ നമ്മൾ ഒന്ന് മനസ്സ് വച്ചാൽ ഒരുപക്ഷെ ഈ കൊച്ച് ദ്വീപിന്റെ മുഖച്ഛായ തന്നെ മാറിയേക്കാം.

സമയം കിട്ടുമ്പോൾ വീണ്ടും പോകും കായലിൽ കൂടി വള്ളം തുഴഞ്ഞു അസ്തമയം കാണാൻ. Around the World in 24hrs list ലെ ഒരു സ്ഥലം കണ്ടു ഇനി ബാക്കി സ്ഥലങ്ങൾ കൂടി കണ്ടു തീർക്കണം😂😂😂.
നന്ദി.

© Shyam Raj

Leave a Reply