കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ

0
39

കട്ടിപ്പാറ: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും.

അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ഇന്നു വൈകിട്ടോടെ കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദുറഹാമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍മരിച്ചവരുടെ എണ്ണം 14 ആയി. ലാന്‍ഡ് സ്‌കാനറിന്റെ സഹായത്തോടെയാണ് നഫീസയുടെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണസേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്ത സ്ഥലത്ത് ജെസിബി, ലാന്‍ഡ് സ്‌കാനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയിരുന്നത്.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്‍(60), മകന്‍ ജാഫര്‍(35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം(5), ജന്നത്ത്(17), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍(9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന്‍(65), ഭാര്യ ആസിയ, ഹസന്റെ മകന്‍ റാഫിയുടെ ഭാര്യ ഷംന(25), റാഫിയുടെ മകള്‍ നിയ ഫാത്തിമ(3), ഹസന്റെ മകള്‍ നസ്രത്ത് (26), നസ്രത്തിന്റെ മക്കളായ റിഫ മറിയം(1), റിന്‍ഷ(4) തുടങ്ങിയവരാണ് നഫീസയ്ക്കു പുറമേ ഉരുള്‍പൊട്ടലില്‍ മരിച്ചത്.

ചുരം റോഡില്‍ പൂര്‍ണ ഗതാഗത നിരോധനം

താമരശ്ശേരി ചുരം റോഡില്‍ ചിപ്പിലിത്തോടിനു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചെന്ന് കലക്ടര്‍ യു.വി.ജോസ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള വാഹനങ്ങള്‍ക്ക് അടിവാരം വരെ പോകാം.

കെഎസ്ആര്‍ടിസി ബസുകള്‍ കോഴിക്കോട്ടുനിന്നും വയനാട്ടില്‍നിന്നും ചിപ്പിലിത്തോടുവരെ ഷട്ടില്‍ സര്‍വീസ് നടത്തും. അവിടെനിന്ന് 200 മീറ്റര്‍ ദൂരം നടന്നു യാത്രക്കാര്‍ക്കു ബസ് മാറിക്കയറാം. കോഴിക്കോട്ടുനിന്നു ബെംഗളൂരു ഭാഗത്തേക്കുള്ള സ്‌കാനിയ ബസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. ബെംഗളൂരുവിലേക്കുള്ള ബാക്കി സര്‍വീസുകള്‍ കുറ്റിയാടി വഴി മാനന്തവാടിയിലെത്തി യാത്ര തുടരും.

Leave a Reply